എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ തയാറാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ‌ിന്‍റെ പ്രിന്‍റ് പൊലീസ് കണ്ടെത്തി. കൊച്ചി പാലാരിവട്ടത്തെ ഇന്‍റര്‍നെറ്റ് കഫേയില്‍ നിന്നാണ് കണ്ടെടുത്തത്. അട്ടപ്പാടി കോളജില്‍ ഹാജരാക്കിയത് ഈ വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നാണ് നിഗമനം. സംഭവത്തില്‍ കഫേ നടത്തിപ്പുകാരന്‍റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ഇന്‍റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന അധ്യാപിക ഫോണ്‍വഴി സംശയമുന്നയിച്ചതിനെ തുടര്‍ന്ന് ഈ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചുവെന്നായിരുന്നു വിദ്യ നല്‍കിയ മൊഴി. സര്‍ട്ടിഫിക്കറ്റ് ഫോണിലാണ് തയ്യാറാക്കിയതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

അട്ടപ്പാടി ഗവ. കോളജില്‍ ഗസ്റ്റ് ലക്ചര്‍ അഭിമുഖത്തിനെത്തിയപ്പോഴാണ് കാസര്‍കോട് തൃക്കരിപ്പുര്‍ സ്വദേശിയായ വിദ്യ രണ്ടുവര്‍ഷത്തെ വ്യാജ പ്രവർത്തിപരിചയ രേഖ ഹാജരാക്കിയത്. എറണാകുളം മഹാരാജാസ് കോളജ് മലയാള വിഭാഗത്തിൽ പ്രവർത്തിപരിചയം ഉണ്ടെന്നായിരുന്നു ഉദ്യോഗാർഥിനി അഭിമുഖ പാനലിനുമുന്നിൽ ഹാജരാക്കിയ രേഖ. ജൂൺ രണ്ടിനായിരുന്നു അട്ടപ്പാടി ഗവൺമെന്റ് കോളജിലെ മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ. മഹാരാജാസ് കോളജിന്റെ ലോഗോയും സീലും അടങ്ങിയ രേഖയിൽ പക്ഷെ പാനലിൽ ഉള്ളവർക്ക് സംശയം തോന്നി. തുടർന്ന് മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോൾ രേഖ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ 10 വർഷമായി മലയാള വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല എന്നാണ് കോളജ് വ്യക്തമാക്കിയത്. 

 

K Vidya's fake certificate print found from palarivattom