കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് മർദ്ദനമേറ്റതിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പൊലീസിന്റെ ഭാഗത്തുനിന്നും കൃത്യവിലോപം ഉണ്ടായെന്ന് കോടതി വിലയിരുത്തി. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ അടിയേറ്റത് ഉടമയ്ക്കല്ല, ഹൈക്കോടതിയുടെ മുഖത്താണെന്നും കോടതി വിമർശിച്ചു.
കോട്ടയം തിരുവാർപ്പിൽ ബസുടമക്ക് മർദ്ദനമേറ്റതിൽ സ്വമേധയാ എടുത്ത കേസിൽ ഹാജരായ ജില്ലാ പോലീസ് മേധാവിക്കും, കുമരകം എസ്.എച്ച.ഒയ്ക്കുമാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസുടമ ആക്രമിക്കപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി പറഞ്ഞു. കോടതിയിലും, ലേബർ ഓഫീസർക്കുമുന്നിലും പരാജയപ്പെട്ടാൽ കേരളത്തിലെ ട്രേഡ് യൂണിയനുകൾ സ്വീകരിക്കുന്ന നടപടി ആണിത്. ഒന്ന് തല്ലിക്കോ ബാക്കി നോക്കിക്കോളാം എന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നോയെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കോടതി ചോദിച്ചു.
പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതര കൃത്യവിലോപം ഉണ്ടായി. അടിയേറ്റത് ഉടമക്കല്ല, ഹൈക്കോടതിയുടെ മുഖത്താണെന്നും ജസ്റ്റിസ് നഗരേഷ് വിമർശിച്ചു. തുടർന്ന് ബസുടമയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോട്ടയം ഡിവൈഎസ്പിക്കും കുമരകം എസ്.എച്ച്.ഒക്കും കോടതി നിർദേശം നൽകി. പൊലീസ് സംരക്ഷണ ഉത്തരവ് ഉണ്ടായിട്ടും സംഘർഷം എങ്ങനെ ഉണ്ടായി, ഹർജിക്കാരന് എങ്ങനെ മർദ്ദനമേറ്റു എന്നതടക്കമുള്ളവ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണം. കേസ് ഈമാസം 18ന് കോടതി വീണ്ടും പരിഗണിക്കും.
Kerala High Court against Police