thrissurminister-09

മണിപ്പുർ കലാപത്തിൽ ക്രൈസ്തവർക്കിടയിൽ രൂക്ഷമായ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കേരളത്തിലെത്തി. സി.ബി.സി.ഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചയ്ക്ക് കേന്ദ്ര സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങാണ് തൃശൂർ ബിഷപ് ഹൗസിൽ എത്തിയത്. മണിപ്പൂരിൽ രാജ്കുമാർ രഞ്ജൻ സിങിന്റെ വീടും ആക്രമിക്കപ്പെട്ടിരുന്നു. 

 

മണിപ്പുരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വന്ന ശേഷവും സമാധാനം പുനസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് സി.ബി.സി.ഐ. പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത് പ്രസ്താവിച്ചിരുന്നു. കലാപത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങൾ ആക്രമിക്കപ്പെട്ടതും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. ക്രൈസ്തവ വിശ്വാസികളും സന്യസ്തരും പ്രതിഷേധവും തെരുവിൽ ഇറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രസഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങിന്റെ തൃശൂരിലേക്കുള്ള വരവ്. 

 

കേന്ദ്രമന്ത്രിയുമായി മാർ ആൻഡ്രൂസ് താഴത്ത് കൂടിക്കാഴ്ചയ്ക്കു സമ്മതം മൂളിയതുതന്നെ ക്രൈസ്തവരുടെ പ്രതിഷേധം നേരിട്ട് ബോധിപ്പിക്കാൻ കൂടിയാണ്. മണിപ്പുരിൽ സമാധാനം പുനസ്ഥാപിക്കാൻ ശക്തമായ ഇടപെടണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പുമായി സന്ദർശനത്തിനു ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി പിന്നീട് പ്രതീകരിച്ചു. അതേസമയം, മാർ ആൻഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ജില്ലയിലെ ബി.ജെ.പി. നേതാക്കൾക്കൊപ്പമാണ് കേന്ദ്രമന്ത്രി ബിഷപ് ഹൗസിൽ എത്തിയത്.

 

Union minister Rajkumar Ranjan Singh met with the archbishop of Thrissur archdiocese