വരുമാനം കുറയുന്നത് എന്തെന്ന് വിശദീകരിക്കാന്‍ ഔട്ട്​ലറ്റ് മാനജര്‍മാരോട് ബവ്കോ. 30 വിദേശ മദ്യശാലകളിലെ മാനേജര്‍മാരോടാണ്  ബിവറേജസ് കോര്‍പ്പറേഷന്‍ വിശദീകരണമാവശ്യപ്പെട്ടത്. പ്രതിദിന വരുമാനം ആറു ലക്ഷത്തില്‍ കുറഞ്ഞത് മാനേജര്‍മാരുടെ മേല്‍നോട്ടക്കുറവുകൊണ്ടാണെന്ന് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നത്. വിശദീകരണ നോട്ടിസിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചു.

തൊടുപുഴ, കൊട്ടാരക്കര, പെരുമ്പാവൂര്‍, കടവന്ത്ര, കോട്ടയം, ആലുവ, തൃശൂര്‍, പത്തനംതിട്ട, ചാലക്കുടി , അയര്‍ക്കുന്നം, നെടുമങ്ങാട്, തിരുവല്ല, ബറ്റത്തൂര്‍, തൃപ്പൂണിത്തുറ വെയര്‍ഹൗസുകള്‍ക്ക് കീഴിലുള്ള ഔട്ട്​ലറ്റുകളിലാണ് മദ്യവില്‍പ്പന കുറ‌ഞ്ഞത്. വരുമാനം കുറഞ്ഞതില്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ ആവശ്യപ്പെട്ടത്. വില്‍പ്പന കുറയാന്‍ കാരണം വെയര്‍ഹൗസ് മാനേജര്‍മാരുടെ അലസതയും മേല്‍നോട്ടക്കുറവുമാണെന്നും നോട്ടിസിലുണ്ട്.

പ്രകടനക്കുറവില്‍ ഏറ്റവും മുന്നില്‍ തൊടുപുഴ വെയര്‍ഹൗസാണ്. മൂന്നാര്‍, ചിന്നക്കനാല്‍, പൂപ്പാറ, മൂലമറ്റം, കോവില്‍ക്കടവ് എന്നിവിടങ്ങളിലേതാണ് തൊടുപുഴ വെയര്‍ഹൗസിന് കീഴില്‍ വില്‍പ്പന കുറഞ്ഞ ഔട്ട്​ലറ്റുകള്‍. എന്നാല്‍ സംസ്ഥാനത്തെ ആകെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും വില്‍പ്പന കുറഞ്ഞത് കൊട്ടാരക്കര വെയര്‍ഹൗസിന് കീഴിലെ വിലക്കുപാറ മദ്യശാലയാണ്. 3.38 ലക്ഷം രൂപയാണ് ഇവിടെ പ്രതിദിന കളക്ഷന്‍. മൂന്നാര്‍ ഉള്‍പ്പെടെ ഏറെ വില്‍പ്പന പ്രതീക്ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മദ്യ വരുമാനത്തില്‍ വലിയ ഇടിവുണ്ടായത് ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടിയായും ബെവ്കോ കണക്കാക്കുന്നു.

 

 

Bevco seeks explanation from outlet managers