കൊച്ചിയില്‍ അയല്‍കൂട്ടമാഫിയ വര്‍ഷങ്ങളായി തുടരുന്ന വായ്പ തട്ടിപ്പിന്റെ തെളിവുകള്‍ മനോരമ ന്യൂസിന്. അഞ്ച് വര്‍ഷം മുന്‍പ് നടത്തിയ തട്ടിപ്പ് കയ്യോടെ പിടികൂടിയപ്പോള്‍ വായ്പ തിരിച്ചടയ്ക്കാമെന്ന് മാഫിയാ സംഘത്തിലെ കണ്ണികള്‍ മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്‍കി. കരാര്‍ ലംഘിച്ചതിന് പിന്നാലെ അംഗങ്ങള്‍ക്ക് ബാങ്ക് അധികൃതര്‍ വീണ്ടും ജപ്തി നോട്ടിസ് അയച്ചു.
മട്ടാഞ്ചേരിയിലെ ശ്രേയസ് കുടുംബശ്രീ യൂണിറ്റിലെ പതിനെട്ട് വീട്ടമ്മമാരാണ് വഞ്ചിക്കപ്പെട്ടത്. യൂണിറ്റിന്റെ പ്രസിഡന്‍റ് ചിത്രാംഗി, സെക്രട്ടറി ഫാത്തിമ ബീവി എന്നിവര്‍ 2017ല്‍ യൂണിയന്‍ ബാങ്കില്‍ നിന്ന് അംഗങ്ങളറിയാതെ വായ്പയായി തട്ടിയത് എട്ട് ലക്ഷം. ഇത് അംഗങ്ങള്‍ അറിയുന്നത് 2020ല്‍ ബാങ്കിന്‍റെ നോട്ടിസ് വീട്ടിലെത്തിയപ്പോള്‍. പരാതി നല്‍കാന്‍ മുതിര്‍ന്നപ്പോള്‍ പ്രസിഡന്‍റും സെക്രട്ടറിയും കുടുംബശ്രീ ഭാരവാഹികളും അംഗങ്ങളുടെ കാലില്‍വീണു മുഴുവന്‍ തുകയും അടച്ചു തീര്‍ക്കാമെന്ന് കരാറുണ്ടാക്കി. വര്‍ഷങ്ങള്‍ക്ക് മുന്നേ ആരംഭിച്ച തട്ടിപ്പിന്‍റെ തെളിവാണ് ഈ രേഖ.
വെട്ടിപ്പ് നടത്തിയ പ്രസിഡന്‍റും സെക്രട്ടറിയും നാട് വിട്ടു. സാക്ഷി നിന്നവരും കൈമലര്‍ത്തിയതോടെ ഊരാക്കുടുക്കില്‍പ്പെട്ട വീട്ടമ്മമാര്‍ നീതി തേടി അലയുന്നു.
Mattancherry ayalkootta mafia complaint