ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ കേരളത്തിലാണ് ഏറ്റവും ജാഗ്രതവേണ്ടത്. കണ്ണൂരും കാസര്‍കോട്ടും റെഡ് അലര്‍ട്. കാസര്‍കോട്ട് അതിതീവ്രമഴ. 24 മണിക്കൂറിനിടെ വെള്ളരിക്കുണ്ടില്‍ പെയ്തത് 27 സെ.മീ. മഴ. മൊഗ്രാല്‍, ഷിറിയ പുഴകള്‍ കരകവിഞ്ഞു, ജാഗ്രതാ നിര്‍ദേശം. കണ്ണൂര്‍ മുഴപ്പിലങ്ങാട് വീടുകളില്‍ വെള്ളം കയറി. എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടും. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെലോ അലര്‍ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പെരുമഴയില്‍ ദുരിതക്കയത്തിലായി ജനം. മഴക്കെടുതിയില്‍ രണ്ടുമരണം കൂടി. വീടിനുമുകളില്‍വീണ മരം വെട്ടിമാറ്റുന്നതിനിടെ പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ആര്യനാട് പതിനഞ്ചുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂരില്‍ വെള്ളംകയറിയ വീട്ടില്‍ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. റോഡില്‍ വെള്ളംകയറിയും മരം വീണും മണ്ണിടിഞ്ഞും പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. കടലാക്രമണവും രൂക്ഷമാണ്. കാസര്‍കോട്, കൊച്ചി, കൊല്ലം തീരങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. മൂന്നൂറോളം വീടുകളില്‍ വെള്ളംകയറിയ കണ്ണമാലിയില്‍ ജനരോഷംതെരുവിലിരമ്പി. hold പാറശാലയില്‍ ചെറുവാരക്കോണത്ത് ചന്ദ്രനും, കുളത്തില്‍ വീണ് ആര്യനാട് സ്വദേശി അക്ഷയുമാണ് മരിച്ചത്. അട്ടപ്പാടി കല്‍ക്കണ്ടിയില്‍ മരംവീണ് മണ്ണാര്‍ക്കാട് –ആനക്കട്ടി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം വിതുര പൊലീസ് സ്റ്റേഷന്‍ പരിസരത്ത് മരം കടപുഴകി എട്ട് വാഹനങ്ങള്‍ തകര്‍ന്നു. അമ്പലപ്പുഴ തിരുവല്ല പാതയില്‍ നെടുമ്പ്രത്ത് വെള്ളംകയറി കെഎസ്ആര്‍ടിസി സര്‍വീസടക്കം ഭാഗികമായി തടസ്സപ്പെട്ടു. തിരുമൂലപുരത്ത് എംസി റോഡിലും വെള്ളംകയറി. കാസര്‍കോട് വീരമലക്കുന്നില്‍ ഇന്നും മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകളെടുത്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂര്‍ കാപ്പിമല വൈതല്‍ക്കുണ്ട് ഉരുള്‍പൊട്ടി കൃഷിനാശമുണ്ടായി. ജില്ലയില്‍ പലയിടങ്ങളിലും വീടുകളില്‍ വെള്ളംകയറി. എളയാവൂരില്‍ ദേശീയ പാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീടുകള്‍ അപകടഭീഷണിയിലായി. ചാലിയാറും ചെറുപുഴയും കവിഞ്ഞൊഴുകിയതൊടെ മാവൂര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കല്ലൂര്‍ പുഴ കരകവിഞ്ഞതോടെ വയനാട് പുഴംകുനി കോളനിയില്‍ ഒറ്റപ്പെട്ടവരെ അഗ്നിരക്ഷാസേന രക്ഷപെടുത്തി. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ടയുടെ വിവിധ മേഖലകളിലും അപ്പര്‍ കുട്ടനാടിലും വീടുകളില്‍ വെള്ളംകയറി. ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്ത് മടവീണു. കോട്ടയത്തെ പടിഞ്ഞാറന്‍ മേഖലകളിലും വെള്ളപ്പൊക്കദുരിതം രൂക്ഷമാണ്.
kerala rain alert kannur kasaragod red alert