ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ ആരോപണങ്ങള്‍ തള്ളി സി.പി.എം. കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സുധാകരനെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിനും സത്യവുമായി ബന്ധമില്ല. ഇതേസമയം വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിഖില്‍ തോമസിനെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ന്യായീകരിച്ചത് തെറ്റായിപ്പോയെന്ന് സംസ്ഥാനസമിതിയിലുയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ സമ്മതിച്ചു.
കൈതോലപ്പായ അടക്കമുള്ള വിവാദങ്ങളെ അവഗണിക്കാന്‍ തന്നെയാണ് സി.പി.എം തീരുമാനമെന്ന് വ്യക്തമായി. ജി.ശക്തിധരന്‍ സി.പി.എം വിരുദ്ധതയുടെ മുഖമായി പ്രവര്‍ത്തിക്കുന്നയാളാണെന്ന് എം.വി.ഗോവിന്ദന്‍. വിവാദങ്ങള്‍ ചര്‍ച്ച ചെയ്തു വിട്ടോളുമെന്നും സി.പി.എം അതില്‍ പങ്കെടുക്കില്ലെന്നും ആണ് എം.വി.ഗോവിന്ദന്‍ പ്രഖ്യാപിച്ച നിലപാട്. കളവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം വിളിച്ചുപറയുമ്പോള്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണെന്നും കുറ്റപ്പെടുത്തി. ഇതേ സമയം സംസ്ഥാന സമിതിയില്‍ എസ്.എഫ്.ഐ ഉള്‍പ്പെട്ട വിവാദങ്ങളിലുണ്ടായ രൂക്ഷവിമര്‍ശനങ്ങള്‍ എം.വി.ഗോവിന്ദന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചു. വ്യാജസര്‍ട്ടിഫിക്കറ്റ് വിവാദമുണ്ടായ ഉടനെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിഖിലിനെ ന്യായീകരിച്ചത് തെറ്റായിപ്പോയെന്ന് എം.വി.ഗോവിന്ദന്‍ തുറന്നുപറഞ്ഞു.
ലഭ്യമായ വസ്തുതകള്‍ വച്ച് ആദ്യഘട്ടത്തില്‍ ആര്‍ഷോ നടത്തിയ പ്രതികരണങ്ങളില്‍ തെറ്റില്ലന്നായിരുന്നു എ.കെ.ബാലന്‍ അടക്കമുള്ള നേതാക്കള്‍ ഇതുവരെ ന്യായീകരിച്ചിരുന്നത്.
MV Govindan against G Sakthidharan