ജി.ശക്തിധരന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സിപിഎം തന്നെ ഒരുപാട് തവണ വധിക്കാന്‍ നോക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഇത് വെളിപ്പെടുത്തിയ ശക്തിധരനോട് നന്ദിയുണ്ട്. പക്ഷെ, ഈ സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. 

 

കെ.സുധാകരനെതിരെ വധശ്രമമുണ്ടായെന്നായിരുന്നു ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍റെ ആരോപണം. എഫ്.ബി പോസ്റ്റിലെ തനിക്ക് ആരാണ് കെ.സുധാകരന്‍ എന്നു തുടങ്ങുന്ന ഭാഗത്താണ് പുതിയ ആരോപണം. വാടകക്കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന എത്തിയതല്ലേ. കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാം പത്തി ഉണ്ടായിരുന്നു എന്നതല്ലേ സത്യമെന്നും ശക്തിധരന്‍ പറയുന്നു. വിവരം ചോര്‍ന്നതോടെ സുധാകരന്‍ രക്ഷപെട്ടു എന്ന സൂചനയാണ് പോസ്റ്റില്‍ ജി.ശക്തിധരന്‍ നല്‍കിയിരിക്കുന്നത്. സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന കമ്യൂണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടയാള്‍ തന്നെയാണ് സുധാകരനെന്ന ചിന്ത കമ്യൂണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു