വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യക്കെതിരായ അന്വേഷണത്തില്‍ കാലടി സര്‍വകലാശാലക്ക് മെല്ലെപ്പോക്ക്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനമടക്കം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി ഒരൊറ്റ തവണ മാത്രമാണ് യോഗം ചേര്‍ന്നത്. കമ്മിറ്റിയുടെ മെല്ലെപ്പോക്കില്‍ സര്‍വകലാശായിലെ അധ്യാപകര്‍ക്കടക്കം പ്രതിഷേധമുണ്ട്. അതേസമയം കെ.വിദ്യ ഇന്ന് ഹൊസ്ദുർഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.   

വിദ്യയുടെ പിഎച്ഡി പ്രവേശനത്തില്‍ ക്രമക്കേടുണ്ടോ എന്നതടക്കം അന്വേഷിക്കാനാണ് സര്‍വലാശാല സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റിയെ വൈസ് ചാന്‍സലര്‍ ചുമതലപ്പെടുത്തിയത്. വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ആയിരുന്ന ബിച്ചു എക്‌സ് മലയിലിന്റെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇത് സംബന്ധിച്ച ഉത്തരവ് ജൂണ്‍ 8ന് റജിസ്ട്രാര്‍ പുറത്തിറക്കി. ഉത്തരവിറങ്ങി 9 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 17നാണ് അഡ്വ.കെ.പ്രേംകുമാര്‍ എംഎൽഎ കണ്‍വീനറായ സിന്‍ഡിക്കേറ്റ് ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റി ആദ്യ യോഗം ചേരുന്നത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച എല്ലാ രേഖകളും സമിതിക്ക് മുമ്പാകെ ഹാജരാക്കാന്‍ സര്‍വകലാശാല മലയാള വിഭാഗത്തിന് യോഗം നിര്‍ദേശം നല്‍കി. എന്നാല്‍ ആദ്യ യോഗത്തിന് ശേഷം നാളിത്രയായിട്ടും അന്വേഷണം അതേ പോയിന്റില്‍ തന്നെ. രണ്ടാമതൊരു യോഗം പോലും ചേര്‍ന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നുമറിയില്ല. 

 

കാലടി സര്‍വകലാശാലയിലെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണം അട്ടിമറിച്ചാണെന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു വിദ്യക്ക് പ്രവേശനം നല്‍കിയത്. പ്രവേശനം ചട്ടവിരുദ്ധമായിട്ടായിരുന്നുവെന്ന് തെളിഞ്ഞാല്‍ വിദ്യയെ പുറത്താക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കും. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കി ലീഗല്‍ സ്റ്റാന്റിങ് കമ്മിറ്റി ശുപാര്‍ശ നല്‍കിയാല്‍ മാത്രമേ സിന്‍ഡിക്കേറ്റിന് നടപടിയെടുക്കാന്‍ സാധിക്കൂ. അന്വേഷണം വൈകുന്നതിനെതിരെ സര്‍വകലാശാലയിലെ അധ്യാപകർക്കിടയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നുണ്ട്.

 

Kalady University slows down the investigation against K.Vidya