vidyapolice-28

വ്യാജരേഖ കേസിൽ വിദ്യയുടെ മൊഴി വിശ്വാസത്തിലെടുത്ത് അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി നീലേശ്വരം പൊലീസ്. വ്യാജരേഖയുടെ ഒറിജിനൽ കണ്ടെത്താനോ അത് തയാറാക്കാൻ ആരാണ് സഹായിച്ചതെന്ന് കണ്ടെത്താനോ അഗളി പൊലീസിനെ പോലെ നീലേശ്വരം പൊലീസിനും താൽപര്യമില്ല. 

 

വ്യാജ പ്രവർത്തി പരിചയ രേഖ ഹാജരാക്കി ഒരു വർഷത്തോളം വിദ്യ കരിന്തളം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തു. സർക്കാരിന്റ ശമ്പളവും പറ്റി. അതുകൊണ്ടു തന്നെ വ്യാജരേഖ യുടെ ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ് . എന്നാൽ വിദ്യ കൊടുത്ത മൊഴി അപ്പാടെ പകർത്തി നീലേശ്വരം പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്. നിർണായകമായ പല വിവരങ്ങളും വിദ്യയിൽ നിന്ന് കിട്ടാനുണ്ടെന്നിരിക്കെ കൂടുതൽ ചോദ്യം ചെയ്യാൻ പോലും പൊലീസിന് താൽപര്യമില്ല. അഗളി പൊലീസിന് നൽകിയ അതേ മൊഴി തന്നെയാണ് വിദ്യ ഇവിടെയും നൽകിയിരിക്കുന്നത്. വ്യാജ രേഖ നിർമിച്ചത് സ്വന്തം ഫോണിലാണെന്നും, ഈ ഫോൺ നഷ്ടപ്പെട്ടുമെന്നുമാണ് വിദ്യയുടെ വാദം. മൊബൈൽ ഫോണിൽ മഹാരാജാസ് കോളജിന്റ സീലടക്കം നിർമിക്കാൻ കഴിയുമോയെന്ന സാധാരണക്കാരനുണ്ടാകുന്ന സംശയം പോലും നീലേശ്വരം പൊലീസിനില്ല. സൈബർ വിദഗ്ധരുടെ സഹായം തേടാനും പൊലീസ് ശ്രമിച്ചിട്ടില്ല. വിദ്യ ഒറ്റയ്ക്കല്ല വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് തയാറാക്കിയതെന്ന ഉറപ്പാണ് . പക്ഷെ ആ വഴിക്കും അന്വേഷണമില്ല. ജാമ്യമനുവദിച്ച ഹൊസ്ദുർഗ് കോടതി ശനിയാഴ്ച വീണ്ടും ഹാജരാകണമെന്ന് വിദ്യയോട് നിർദ്ദേശിച്ചിട്ടുണ്ട്.