കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ വ്യാജരേഖ നൽകി നിയമനം നേടിയ കേസിൽ കെ.വിദ്യയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഈ മാസം മുപ്പതിന് വീണ്ടും ഹാജരാകണമെന്നാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചേർത്താണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
അഗളി പൊലീസിന് നൽകിയ മൊഴിയുടെ ആവർത്തനമാണ് കെ.വിദ്യ നീലേശ്വരത്തും നൽകിയത്. വ്യാജ രേഖ നിർമിക്കാൻ തനിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ല. ഫോണിലൂടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചത്, തകരാറായതിനെ തുർന്ന് ഫോൺ ഉപേക്ഷിച്ചു. അട്ടപ്പാടി കോളജിലെ അഭിമുഖത്തിന് ശേഷം വ്യാജ രേഖ കീറി കളഞ്ഞെന്നും വിദ്യ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വിശദീകരിച്ചു. ഇതേ തുടർന്ന് ഐ പി സി 201 തെളിവ് നശിപ്പിക്കൽ എന്ന വകുപ്പുകൂടി ചേർത്താണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ വിദ്യ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ചെന്നും അതുകൊണ്ട് തന്നെ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകേണ്ടതില്ലെന്നായിരുന്നു പൊലീസിന്റെ തീരുമാനം
അഗളിയിലേതിന് സമാനമായി വിദ്യയുടെ മൊഴി നീലേശ്വരത്തും പൊലീസ് വിശ്വാസത്തിലെടുത്തു. അപ്പോഴും മഹാരാജാസ് കോളജിന്റെ സീൽ എങ്ങനെ ഫോണിൽ നിർമിച്ചുവെന്നതടക്കം നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. കേസിൽ ഇനി എങ്ങനെ അന്വേഷണം മുന്നോട്ടു പോകുമെന്നതിലും വ്യക്തതയില്ല.
Fake certificate K Vidya arrested again in kasaragod case