വ്യാജസർട്ടിഫിക്കറ്റിൽ കുടുങ്ങിയ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിനെതിരെ കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖിൽ തോമസ് ഒളിവിൽ പോയതായി സൂചന. എംഎസ്എം കോളജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് താഹയുടെ പരാതിയിൽ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് നിഖിലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, എംകോം പ്രവേശനത്തിന് നിഖിൽ തോമസ്  ഹാജരാക്കിയ വ്യാജ സർട്ടിഫിക്കറ്റുകളുടെ ഉറവിടം തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽ ഇന്നലെ എത്തിയ കായംകുളം പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിക്കുമെന്നാണ് സൂചന. നിഖിൽ തോമസ് കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് പൊലീസ് ഉദ്യോഗസ്ഥർ കലിംഗ സർവകലാശാലയിലെ റജിസ്ട്രാർ ഉൾപ്പെടെയുള്ളവരെ കാണിച്ചു. വ്യാജമാണെന്ന് സർവകലാശാല അധികൃതരും പൊലീസിനോട് വ്യക്തമാക്കി. അതേസമയം കോളജിലെ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്ന് കോളജിന് ലഭിക്കും. 

നിഖിലിന് പ്രവേശനം നൽകിയതിൽ  അധ്യാപകർക്ക് വീഴ്ച ഉണ്ടായോ എന്നതിൽ അന്വേഷണ റിപ്പോർട്ടിൽ വ്യക്തത ഉണ്ടാവും. നിയമ നടപടികൾക്ക് പുറമേ നിഖിലിനെ കോളേജിൽ നിന്ന് പൂർണമായും പുറത്താക്കുന്ന തീരുമാനത്തിലേക്ക് കോളജ് നീങ്ങാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. അതേസമയം നിഖിലിന്റെ എം.കോം പ്രവേശനത്തിന് ഇടപെട്ടതായി ആരോപണമുയർന്ന സിപിഎം നേതാവ് കെഎച്ച് ബാബുജാനും ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടില്ല.