nikhil-thomas-kalinga-2

 

നിഖില്‍ തോമസിന്‍റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്  വ്യാജമെന്ന് കേരള പൊലീസിനോട് റായ്പൂരിലെ കലിംഗ സര്‍വകലാശാല. കേരള പൊലീസ് സർവകലാശാലയിലെത്തി നിഖിലിൻ്റെ സർട്ടിഫിക്കറ്റുകൾ കാണിച്ചു. രേഖകൾ വ്യാജമെന്ന് കായംകുളം എംഎസ് എം കോളജിനെയും അറിയിച്ചെന്ന് റജിസ്ട്രാർ സന്ദീപ് ഗാന്ധി മനോരമ ന്യുസിനോട് പറഞ്ഞു. റായ്പുരിലെ സർവകലാശാല ആസ്ഥാനത്തെത്തിയാണ് കായംകുളം സ്റ്റേഷനിൽ നിന്നുള്ള രണ്ടംഗ പൊലീസ് സംഘം നിഖിൽ തോമസിൻ്റെ രേഖകൾ കലിംഗ സർവകലാശാല അധികൃതരെ കാണിച്ചത്. സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും നിഖിൽ തോമസ് എന്നൊരു വിദ്യാർഥി കലിംഗയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല വ്യക്തമാക്കി.   നിഖില്‍ ഹാജരാക്കിയ രേഖകളെല്ലാം നേരത്തെ കേരള സര‍്‍വകലാശാല ഇ–മെയില്‍ വഴി കലിംഗയ്ക്ക് കൈമാറിയിരുന്നു. ഒരേ കാലയളവില്‍ വിദ്യാര്‍ഥി കേരളസര്‍വകലാശാലയില്‍ പഠിച്ചിരുന്നു എന്നതിന്‍റെ തെളിവും കൈമാറി. നിഖിലിൻ്റെ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് രാവിലെ തന്നെ കലിംഗ സർവകലാശാല എം എസ് എം കോളജ് അധികൃതരെയും അറിയിച്ചു. കേരള പൊലീസ് നടത്തുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് റജിസ്ട്രാർ സന്ദീപ് ഗാന്ധി മനോരമ ന്യൂസിനോട് പറഞ്ഞു.

 

കലിംഗ സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രചരിക്കുന്നു എന്ന ആരോപണം മുമ്പും ഉയർന്നിട്ടുക്ക്.  ബംഗളുരുവില്‍ പണം വാങ്ങി കലിംഗയുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഹൈദരബാദിലെ ജവഹര്‍ലാല്‍ നെഹ്റു സാങ്കേതിക സര്‍വകലാശാല അധ്യാപകനിയമനം നടത്തുമ്പോള്‍ കലിംഗയടക്കം ആറ് സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തൽ ജാഗ്രത വേണമെന്ന് കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയി. കലിംഗ വ്യാജ സര്‍ട്ടിഫിക്കറ്റിന് പിന്നില്‍ വലിയ റാക്കറ്റിൻ്റെ കൈകളുണ്ടോയെന്നും പരിശോധിക്കപ്പെടേണ്ടതുണ്ട്.

 

Kalinga University says nikhil thomas's degree certificate fake