actor-poojappura-ravi-died

പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു, അന്ത്യം മറയൂരില്‍. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. കള്ളന്‍ കപ്പലില്‍തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. കലാനിലയത്തില്‍ പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പൂജപ്പുരയില്‍നിന്ന് മറയൂരിലേക്ക് താമസം മാറിയത് അടുത്തിടെയാണ്.

 

കലാനിലയം നാടക വേദിയിൽ ഒപ്പമുണ്ടായിരുന്ന അഭിനേത്രി തങ്കമ്മയെയാണ് ജീവിത സഖിയാക്കിയത്. ആറ് വർഷം മുൻപ് ഭാര്യ വിടപറഞ്ഞു. മലയാള സിനിമയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിൽ നിന്നു നിറങ്ങളിലേക്കുള്ള ചരിത്രത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രൻ നായരെന്ന പൂജപ്പുര രവി. നാടക വേദിയിലൂടെയായിരുന്നു തുടക്കം. ജഗതി എൻ.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാന്നിധ്യമായി. വേലുത്തമ്പി ദളവ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ അരങ്ങേറിയ രവിയെ ശ്രദ്ധേയനാക്കിയത് ‘അമ്മിണി അമ്മാവൻ’ എന്ന ചിത്രത്തിലെ വേഷമാണ്. അദ്ദേഹത്തിന്റെ ശബ്ദവും സവിശേഷമായിരുന്നു. സിനിമയ്ക്കൊപ്പം ഒട്ടേറെ ടെലിഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചു. 2016ൽ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്. 

 

സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം അഭിനയരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ജോഷി, പ്രിയദർശൻ, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം ആദ്യ സിനിമകളിൽ അഭിനയിച്ചു. പ്രിയദർശന്റെ നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിലധികവും ‘പട്ടർ’ കഥാപാത്രങ്ങളായിരുന്നു എന്നത് പൂജപ്പുര രവിക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു അപൂർവ സവിശേഷതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ മിനിസ്ക്രീനിൽ ശ്രദ്ധിച്ച അദ്ദേഹം നിരവധി ടി.വി. സീരിയലുകളിൽ വേഷമിട്ടു. 

 

Actor Poojappuram Ravi Passes Away