തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യ ഹർജി ചെന്നൈ സെഷൻസ് കോടതി തള്ളി. മന്ത്രിയെ എട്ടു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. നിലവില്‍ സെന്തിൽ ബാലാജി ചികില്‍സയിലുള്ള കവേരി ആശുപത്രിയിൽ ചോദ്യം ചെയ്യാനാണ് അനുമതി. അതിനിടെ വകുപ്പുകൾ ഇല്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജിക്ക് തുടരാൻ ആകില്ലെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. ഗവര്‍ണറുടെ നിലപാട് തള്ളി സര്‍ക്കാര്‍ ഉത്തരവിറക്കി
ചെന്നൈ സെഷൻസ് കോടതി ജഡ്ജി എസ് അല്ലിയാണ് മന്ത്രിയെ എട്ടു ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടത്. കാവേരി ആശുപത്രിയിൽ വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി . ശസ്ത്രക്രിയ നിശ്ചയിച്ച സാഹചര്യത്തിൽ ഒരു കാരണവശാലും മന്ത്രിയെ ആശുപത്രിയിൽ നിന്ന് മാറ്റരുതെന്ന് ഇഡിയ്ക്ക് നിർദേശം നൽകി. ഇരുപത്തിമൂന്നാം തീയതി മന്ത്രിയെ വീഡിയോ കോൺഫറൻസിലൂടെ കോടതിയിൽ ഹാജരാക്കണം. മന്ത്രിയെ ഇഡി ബുദ്ധിമുട്ടിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എസ്.അല്ലി അറിയിച്ചു.
വകുപ്പുകൾ ഇല്ലാത്ത മന്ത്രിയായി സെന്തിൽ ബാലാജിക്ക് തുടരാനാകില്ലെന്ന് ഗവർണർ ആർ.എൻ രവി അറിയിച്ചു . മന്ത്രിയുടെ വകുപ്പുകൾ മാറ്റുന്നതിനുള്ള ശുപാർശ അംഗീകരിച്ചുകൊണ്ടാണ് ഗവർണർ നിലപാട് സ്വീകരിച്ചത്. വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും, എക്സൈസ് വകുപ്പ് മുത്തുസാമിക്കും കൈമാറും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നൽകിയ ശുപാർശ ഗവർണർ മടക്കിയിരുന്നു. ഓർഡിനൻസിലൂടെ വകുപ്പുകൾ മാറ്റാൻ സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഗവർണർ പുതിയ ശുപാർശ ഭാഗികമായി അംഗീകരിച്ചത്.
Senthil Balaji tamil nadu government governor