ഫയല്‍ ചിത്രം

22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ടപകടത്തില്‍ രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി.വി. പ്രസാദ്, സര്‍വെയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടി സ്വാഗതാര്‍ഹമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒടുവില്‍ ഒൗദ്യോഗികമായ വീഴ്ചകള്‍ വ്യക്തമായ സാഹചര്യത്തിലാണ് പൊന്നാനിയുടെ ചുമതലയുളള ബേപ്പൂരിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ വി.വി. പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വയര്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബോട്ടിന് ലൈസന്‍സ് അനുവദിക്കുന്നതിന്‍റെ ഒാരോ ഘട്ടത്തിലും പരിശോധന നടത്തേണ്ട ചീഫ് സര്‍വയറുടെ അലംഭാവം വ്യക്തമാണ്. നിയമം ലംഘിച്ച് മല്‍സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരബോട്ടാക്കി മാറ്റിയ വിവരം രേഖകളില്‍ നിന്നെല്ലാം ബോധപൂര്‍വം ഒഴിവാക്കി. മുകളിലെ തട്ടിലേക്ക് കോണി നിര്‍മിച്ചതും കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പുളള ചിത്രങ്ങളില്‍ തന്നെ മുകള്‍ തട്ടിലേക്കുളള കോണിയുണ്ടെന്ന് വ്യക്തമാണ്. 

മുകള്‍ തട്ടില്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു. ബോട്ടുനിര്‍മാണത്തിന്‍റെ ഘട്ടങ്ങളിലൊന്നും ഒൗദ്യോഗിക പരിശോധനകളുണ്ടായില്ല. ലൈസന്‍സിന് അപേക്ഷിച്ചതിന്‍റെ ഫയല്‍ നമ്പര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുന്‍പെ ബോട്ടുടമ നാസറിന് സീനിയര്‍ കണ്‍സര്‍വേറ്റര്‍ കൈമാറിയതിന്‍റെ രേഖകള്‍‌ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അതായത് ബോട്ടുടമ നാസറും പോര്‍ട്ട് ഉദ്യോഗസ്ഥരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയണ്ടാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

 

Two arrested in Tanur boat tragedy