കോൺഗ്രസിലെ തർക്കം പരിഹരിക്കാൻ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. 12 ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം സംസ്ഥാനത്ത് തുടരും. എന്നാല്‍ നേതൃത്വം പറഞ്ഞവാക്ക് പാലിച്ചില്ലെന്ന് എം.കെ.രാഘവൻ ആഞ്ഞടിച്ചപ്പോൾ ഗ്രൂപ്പ് യോഗം വേണ്ടിയിരുന്നില്ലെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. 

 

കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കെയാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുടെ കേരള സന്ദര്‍ശനം. ബ്ലോക് അധ്യക്ഷന്‍മാരുടെ കാര്യത്തിലൂടെ  ആശയക്കുഴപ്പം ചർച്ചയിലൂടെ പരിഹരിക്കുമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. അധ്യക്ഷന്‍മാരെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയശേഷമാണ്. എന്നാല്‍ താരിഖ് അന്‍വറില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന നിലപാടിലാണ് എം.കെ.രാഘവന്‍ എം.പി., ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടു. 

 

പുനഃസംഘടനയിൽ അടക്കം നേതൃത്വത്തെ നിരന്തരം വിമർശിച്ച കെ.മുരളീധരൻ 2004 ഓർമിപ്പിച്ച് ഗ്രൂപ്പുകളെ തള്ളിയത് നേതൃത്വത്തെയും ഗ്രൂപ്പുകളെയും ഒരുപോലെ ഞെട്ടിച്ചു. അധ്യക്ഷനെ നേരിട്ട് കണ്ട് പരാതി അറിയിക്കാൻ  ഡൽഹിയിലെത്തുമെന്ന് ഗ്രൂപ്പ് നേതാക്കൾ പറഞ്ഞിരുന്നെങ്കിലും മല്ലികാർജ്ജുൻ ഖർഗെ അടുത്തയാഴ്ച ഡൽഹിയിൽ ഉണ്ടാകില്ലെന്നാണ് വിവരം.