എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യയുടെ പി.എച്ച്.ഡി പ്രവേശനത്തിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്താണ് വിദ്യക്ക് കാലടി സംസ്കൃത സർവകലാശാല പ്രവേശനം നൽകിയത്. കോടതിവിധിയുടെ അടിസ്ഥാനത്തിൽ വിദ്യയ്ക്ക് പ്രവേശനം നൽകിക്കൊണ്ട് വി.സി ഉത്തരവിട്ടതായാണ് റജിസ്ട്രാർ മലയാള വിഭാഗം മേധാവിക്ക് കത്ത് നൽകിയത്. കാലടി സർവകലാശാലയിലെ മലയാള വിഭാഗം പിഎച്ച്ഡി പ്രവേശനത്തിന് കെ.വിദ്യയുടെ അപേക്ഷ പരിഗണിക്കാവുന്നതാണ്. അപേക്ഷയിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുക.
നിലവിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി 2020 ജനുവരി 23 ന് പുറപ്പെടുവിച്ച ഉത്തരവാണിത്. പിഎച്ച്ഡി പ്രവേശനത്തിന് തന്റെ അപേക്ഷ കൂടി പരിഗണിക്കാൻ റജിസ്ട്രാറോട് നിർദേശിക്കണമെന്ന കെ.വിദ്യയുടെ ഹർജിയിലായിരുന്നു ഉത്തരവ്. വിദ്യയ്ക്ക് പ്രവേശനം നൽകിക്കൊണ്ട് വി.സി ഉത്തരവിട്ടതായി റജിസ്ട്രാർ 2020 ജനുവരി 29ന് മലയാള വിഭാഗം മേധാവിക്ക് കത്ത് നൽകി. കോടതി ഉത്തരവുപ്രകാരമാണ് വിദ്യയുടെ പ്രവേശനം എന്നാണ് കത്തിൽ പറയുന്നത്.
നിയമാനുസൃതമായ നടപടികൾ സ്വീകരിക്കാൻ ആയിരുന്നു ഹൈക്കോടതി നിർദ്ദേശമെങ്കിലും നിയമമൊക്കെ സർവ്വകലാശാല കാറ്റിൽ പറത്തി. സീറ്റുകളുടെ എണ്ണം പത്തിൽ നിന്നും 15 ആയി വർധിപ്പിച്ചു. സംവരണം അട്ടിമറിച്ച് പതിനഞ്ചാമതായി വിദ്യയെ തിരുകി കയറ്റി. യഥാർത്ഥത്തിൽ ആ പട്ടികയിൽ പ്രവേശനം ലഭിക്കേണ്ട സംവരണ വിഭാഗത്തിൽ നിന്നുള്ള അപേക്ഷക പുറത്തും. വിദ്യയുടെ പ്രവേശനം സംവരണം അട്ടിമറിച്ചാണ് എന്ന് SC/ST സെൽ കണ്ടെത്തിയിരുന്നു ഇക്കാര്യം ചൂണ്ടിക്കാട്ടി മാവേലിക്കര സ്വദേശിനി എസ്.വർഷ റജിസ്ട്രാർക്ക് പരാതി നൽകുകയും ചെയ്തു. വിദ്യയുടെ പ്രവേശനം റദ്ദാക്കി സംവരണ വിഭാഗത്തിൽ നിന്നുള്ള തനിക്ക് അർഹതപ്പെട്ട പ്രവേശനം അനുവദിക്കണം എന്നായിരുന്നു പരാതി. പക്ഷെ ഒന്നും നടന്നില്ല.
Vidya misuse HC order