najeeam-koya-21

 

" സാധനം എവിടെ. നിന്റെ കയ്യിലുള്ള സാധനം ഇങ്ങെടുക്ക്". കാര്യകാരണങ്ങളില്ലാതെ താമസസ്ഥലത്ത്  ഇരച്ചുകയറിയവർ എക്സൈസുകാരെന്ന് പറഞ്ഞ് മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയതിനെക്കുറിച്ച് മനോരമ ന്യൂസുമായി സംസാരിക്കുകയായിരുന്നു സംവിധായകൻ നജീം കോയ. "തിരുവനന്തപുരത്ത് നിന്നുള്ള എക്‌സൈസ് സംഘമാണെന്ന് പറഞ്ഞ് ഞാൻ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടൽ മുറിയിലേക്ക് ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒമ്പതരയോടെയാണ് എത്തിയത്.  ഞാനും സ്പോട്ട് എഡിറ്ററും മാത്രമുണ്ടായ മുറിയിൽ ഇരച്ചുകയറി അവർ ഊരിയിട്ട അടിവസ്ത്രം വരെ പരിശോധിച്ചു.റൂമിലെ സാധനങ്ങൾ വാരി വലിച്ചിട്ടു." 

 

എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് കയ്യിലുള്ള സാധനം എടുക്കാൻ വന്നവർ പറഞ്ഞതത്രെ.സ്യൂട്ട് റൂമിൽ വന്ന ഉദ്യോഗസ്ഥർ പല ഭാഗങ്ങളിലായി തിരിഞ്ഞായിരുന്നു പരിശോധന. തന്നെ പെടുത്താൻ ശ്രമമുണ്ടിയേക്കുമെന്ന ഭീതിയിൽ ഓരോ ഉദ്യോഗസ്ഥന്റെയും പുറകിൽ ഓടിയെത്തി സാഹചര്യം നിരീക്ഷിക്കേണ്ടി വന്നുവെന്നും ഷൂട്ടിങ്ങിനായി ഹോട്ടലിൽ തങ്ങുന്ന മറ്റൊരാളോടെയും മുറികൾ സംഘം പരിശോധിക്കാത്തത് കൂടുതൽ സംശയത്തിന് ഇടയാക്കിയെന്നും നജീം മനോരമ ന്യൂസിനോട് പറഞ്ഞു. ഒടുവിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതി ഒപ്പിട്ട് തന്നശേഷമാണ് സംഘം മടങ്ങിയതെന്നും നജീം പറഞ്ഞു. 

 

ഒടിടി വെബ് സീരീസ് ഷൂട്ടിങ്ങിനായാണ് ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ നജീമും സംഘവും തങ്ങുന്നത്. എഴുപത് ദിവസത്തെ  ഷൂട്ടിങ്ങ് ബാക്കി നിൽക്കെയാണ് സംഭവം. ഒരുകാര്യവുമില്ലാതെ എക്‌സൈസ് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ്  മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി എം.ബി.രാജേഷിനും സിനിമ സംഘടനകൾക്കും നജീം പരാതി നൽകിയത്. അപൂർവരാഗം, ടു കൺട്രീസ്, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും കളി എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് നജീം കോയ. നജീമുമായി മനോരമ ന്യൂസ് പ്രതിനിധി എം.ദിനുപ്രകാശ് സംസാരിച്ചു.

 

 

 

Director Najeem Koya against excise