bishop-franco-mulakkal-2

 

 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ രാജിവച്ചു. മാര്‍പ്പാപ്പ രാജി സ്വീകരിച്ചു. അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി പ്രസ്താവനയില്‍ അറിയിച്ചു. സഭയുടെ നന്മയെ കരുതിയും ജലന്ധര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പിനെ കണ്ടെത്തുന്നതിനുമാണ് രാജിയെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ഫ്രങ്കോ മുളയ്ക്കല്‍ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കി പതിനാറ് മാസത്തിനിപ്പുറമാണ് രാജി. ഒപ്പ നിന്നവര്‍ക്ക് നന്ദിയെന്നും പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. 

 

രാജി അച്ചടക്ക നടപടിയല്ലെന്നാണ് വത്തിക്കാന്‍ സ്ഥാനപതിയുടെ വിശദീകരണം. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതിയുടെയും അതിനെതിരായ അപ്പീല്‍ നിലനില്‍ക്കുന്ന ഹൈക്കോടതിയുടെയും നടപടികളെ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മിഷനറീസ് ഒാഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതല്‍ 2016വരെ പീഡിപ്പിച്ചുവെന്നാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി. 2018 ജൂണില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് രാജി. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി അറിഞ്ഞെന്നും ഇതേക്കുറിച്ച്  പ്രതികരിക്കാനില്ലെന്ന് സിസ്റ്റര്‍ അനുപമ. 

 

Bishop Franco Mulakkal resigns