കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കാരുണ്യവഴി ലക്ഷക്കണക്കിന് കിലോ ഗ്രാം ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയ ഇടപാടും സംശയനിഴലില്‍. കാലവര്‍ഷത്തിനു മുന്നോടിയായി വാങ്ങിയതുള്‍പ്പെടെ 700 ടണ്ണോളം ബ്ലീച്ചിങ് പൗഡറാണ് കെ.എം.എസ്.സി.എല്‍ ഗോഡൗണുകളില്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിക്കിടക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും അപകടമുണ്ടാക്കിയിട്ടും സമഗ്ര അന്വേഷണമെന്ന പ്രഖ്യാപനമാണ് ആരോഗ്യവകുപ്പിന്‍റെ ആകെയുളള നടപടി.
കൊല്ലം ഗോഡൗണിലെ തീപിടിത്ത ശേഷമുളള ആരോഗ്യ മന്ത്രിയുടെ പ്രതികരണമാണ് കണ്ടത്. നടപടികള്‍ പ്രഖ്യാപനത്തിലൊതുങ്ങിയപ്പോള്‍ ഒരാഴ്ചയ്ക്കു ശേഷം സമാന രീതിയിലുളള അപകടം ഒരു ജീവനെടുത്തു. എന്നിട്ടും സമഗ്ര അന്വേഷണമെന്ന പ്രസ്താവന ആവര്‍ത്തിച്ചല്ലാതെ ഒന്നും സംഭവിച്ചിട്ടില്ല. ഇതിനിടെ കര്‍ശനമായ ടെന്‍ഡര്‍ വ്യവസ്ഥകളില്ലാതെ കാരുണ്യവഴി നടന്ന ബ്ലീച്ചിങ് പൗഡര്‍ ഇടപാടിലും ദുരൂഹതയുണ്ടെന്ന ആരോപണമുയരുന്നു. ജൂലൈയിലാണ് 4 ലക്ഷം കിലോഗ്രാമിന്റെ ഇടപാട് നടന്നത്.
കേരളം ആസ്ഥാനമായുളള പാര്‍ക്കിന്‍സ് എന്റര്‍പ്രൈസസ്, ഉത്തര്‍പ്രദേശ് ആസ്ഥാനമായ ബങ്കെബിഹാരി കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളില്‍ നിന്നാണ് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയത്. ഈ രണ്ട് കമ്പനികളില്‍ നിന്ന് വാങ്ങിയ ബ്ലീച്ചിങ് പൗഡറും കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്നു. കര്‍ശന ടെന്‍ഡര്‍ വ്യവസ്ഥകളില്ലാതെ നടന്ന ഇടപാടില്‍ ഗുണനിലവാര പരിശോധനയും കാര്യക്ഷമമല്ലെന്ന ആക്ഷേപമാണുയരുന്നത്. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ടണ്‍ കണക്കിന് ബ്ലീച്ചിങ് പൗഡര്‍ ശേഖരിച്ചത്. കൊല്ലം , തിരുവനന്തപുരം അപകടങ്ങള്‍ക്ക് പിന്നില്‍ ബ്ലീച്ചിങ് പൗഡറാണെന്ന പ്രാഥമിക നിഗമനത്തിന്റെ പശ്ചാത്തലത്തില്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന ബ്ലീച്ചിങ് പൗഡര്‍ വന്‍ ആശങ്കയാണ് ഉയര്‍ത്തുന്നത്.
Allegations on bleaching powder contract by kmscl