ജനാധിപത്യത്തിന്‍റെ ആത്മാവിനെ തുടച്ചുനീക്കുന്ന പാര്‍ലമെന്‍റ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യമാണ് ഉദ്ഘാടന ചടങ്ങില്‍ പ്രതിഫലിക്കുന്നതെന്ന് 19 പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.  ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രതിരൂപമാണ് പുതിയ മന്ദിരമെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ വിവാദങ്ങളോട് പ്രതികരിച്ചില്ല.

നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധ നടപടികള്‍ എണ്ണിപ്പറഞ്ഞാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവന. ജനാധിപത്യത്തെ തുടച്ചുനീക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെടുന്ന കെട്ടിടത്തിന് പ്രസക്തിയില്ല. രാഷ്ട്രപതി പദവിയെ അവഹേളിക്കുമ്പോള്‍ അേത രീതിയില്‍ മറുപടി നല്‍കേണ്ടിയിരിക്കുന്നു. പാര്‍ലമെന്‍റ് വിളിച്ചു ചേര്‍ക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നിരിക്കെ ഉദ്ഘാടനത്തിന് പ്രഥമപൗരയെ ക്ഷണിക്കാത്തത് അവഹേളനമാണ്. ഭരണഘടനയുടെ സത്തയ്ക്ക് വിരുദ്ധവും. മോദിയുടെ ജനാധിപത്യവിരുദ്ധനിലപാടില്‍ പുതുമയില്ല. പാര്‍ലമെന്‍റില്‍ ചോദ്യം ചോദിക്കുന്നവരെ അയോഗ്യരാക്കുകയോ സസ്പെന്‍ഡ് ചെയ്യുകയോ  നിശബ്ദരാക്കുകയോ ചെയ്യുന്നു. ഭരണകക്ഷി തന്നെ സഭയുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നു. സുപ്രധാന ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസാക്കുന്നു. പാര്‍ലമെന്‍ററി സമിതികള്‍ നിര്‍ജീവമായി. നൂറ്റാണ്ടിലെ മഹാമാരിയുടെ സമയത്ത് വന്‍തുക മുടക്കി ജനങ്ങളോടും ജനപ്രതിനിധികളോടും ആലോചിക്കാതെ പുതിയ മന്ദിരം പണിതു. അതിനാല്‍ ചടങ്ങ് ബഹിഷ്കരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. 

ഉദ്ഘാടന ചടങ്ങിന് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബഹിഷ്കരണത്തെക്കുറിച്ച് പ്രതികരിക്കാന്‍  വിസമ്മതിച്ചു. പ്രധാനമന്ത്രിയുടെ ദര്‍ശനങ്ങളില്‍ അധിഷ്ഠിതമാണ് പുതിയ മന്ദിരമെന്ന് ഷാ. സ്വാതന്ത്ര്യപ്പുലരിയില്‍ നെഹ്റു ഏറ്റുവാങ്ങിയ ചെങ്കോല്‍ പാര്‍ലമെന്‍റില്‍ സ്ഥാപിക്കും. നന്തിശില്‍പം പേറുന്ന ചെങ്കോലില്‍ ഗംഗാതീര്‍ഥം തളിച്ചതാണ്. ബി.ആര്‍.എസും ജെ.ഡി.എസും പ്രതിപക്ഷത്തിന്‍റെ സംയുക്ത പ്രസ്താവനയുടെ ഭാഗമല്ല.

 

 

19 opposition parties to boycott new parliament inauguration ceremony