ഐജി പി. വിജയന്റെ സസ്പെൻഷനെ ചൊല്ലി പൊലീസിൽ തർക്കം. ചില ഉന്നത ഉദ്യോഗസ്ഥരുടെ വ്യക്തി വൈരാഗ്യമാണ്  സസ്പെൻഷന് കാരണമെന്നാണ് വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നത്. എന്നാൽ വിജയന്റെ നടപടികൾ ഗുരുതര ചട്ട ലംഘനമെന്ന് മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പൊലീസിലെ ചേരിപ്പോരാണ് നടപടിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. 

ട്രെയിൻ തീവെപ് കേസിലെ രഹസ്യ വിവരങ്ങൾ ചോർത്തിയെന്നതാണ് സസ്പെൻഷന് കാരണമായി സർക്കാർ പറയുന്നത്. എന്നാൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ തലവൻ എന്ന രീതിയിൽ അനോഷണത്തിൽ വിജയനും പങ്കുണ്ടായിരുന്നു. അതിനാൽ അന്വേഷണ വിവരങ്ങൾ ശേഖരിച്ചതിൽ തെറ്റില്ലന്നാണ്  വാദം. വിജയനെതിരെ റിപ്പോർട്ട് നൽകിയ എഡിജിപി എം. ആർ. അജിത് കുമാറിന്റെ വ്യക്തി വൈരാഗ്യമാണ് താക്കീതിൽ ഒതുക്കാവുന്ന നടപടി സസ്പൻഷനാക്കി വർധിപ്പിച്ചതെന്നും വിജയനെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്നതും അതേ വിഷയമാണ്. 

എന്നാൽ ട്രെയിൻ ആക്രമണ കേസിന്റെ വിവരങ്ങൾ വിജയൻ കേന്ദ്ര ഏജൻസികളിലെ ചില മലയാളി ഉദ്യോഗസ്ഥർക്ക് ചോർത്തിയതാണ് പ്രതിയെ കേരള പൊലീസ് എത്തും മുൻപ് മഹാരാഷ്ട്ര എടിഎസ് പിടിക്കാൻ ഇടയാക്കിയതെന്ന് ആരോപിച്ച് നിലപാട് കടുപ്പിക്കുകയാണ് എതിർ വിഭാഗം. അതേസമയം തീവെപ് കേസിനപ്പുറം പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിലേക്ക് ക്ഷണം കിട്ടിയതും കേരള ബുക്സ് ആന്റ് പബ്ളിക്കേഷൻസിൽ എംഡിയായിരിക്കെ സിഐടിയു തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചതും വിജയനെ സർക്കാരിന് അനഭിമതനാക്കിയെന്നും വിലയിരുത്തലുണ്ട്. മറ്റ് ചില വിഷയങ്ങൾ കൂടി ഉയർത്തി നടപടി കടുപ്പിക്കാനും സർക്കാർ തലപ്പത്ത് നീക്കമുണ്ട്.