krishnankutty-minister

എല്‍ജെഡി ലയനനീക്കം ഉപേക്ഷിച്ചിട്ടും ലയനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജെഡിഎസ്. ലയനം ഉടനുണ്ടാകുമെന്നും ഇരുപാര്‍ട്ടികളും ലയിക്കാതെ വേറെ നിവൃത്തിയില്ലെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ലയനം സാധ്യമാകില്ലെന്ന് ആവര്‍ത്തിക്കുന്ന എല്‍ജെഡി, ആര്‍ജെഡി അടക്കമുള്ളവരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. 

ജെഡിഎസിന്‍റെ മുതിര്‍ന്ന നേതാവ് കെ. കൃഷ്ണന്‍കുട്ടിയുടെ വാക്കുകളോട് മാനസികമായി യോജിക്കുന്നവരാണ് എല്‍ജെഡി. ഇരുപാര്‍ട്ടികളും ലയിക്കാതെ നിവൃത്തിയില്ലെന്ന കാര്യവും എല്‍ജെഡി അംഗീകരിക്കുന്നു. പക്ഷെ കര്‍ണാടകയില്‍ ജെഡിഎസ് എടുത്ത നിലപാട് എല്‍‍ജെഡിയെ പിന്നോട്ട് വലിക്കുകയാണ്. അധികാരത്തിന് വേണ്ടി ബിജെപിക്കൊപ്പം കൂട്ടുകൂടാന്‍ ജെഡിഎസിന് മടിയില്ല എന്നു വ്യക്തമായ സാഹചര്യത്തില്‍ ലയനവുമായി എങ്ങനെ മുന്നോട്ട് പോകുമെന്നാണ് അവരുടെ ചോദ്യം. 

നേതാക്കളുടെ മാത്രമല്ല പ്രവര്‍ത്തകരുടെയും ആശങ്ക പരിഹരിക്കാതെ ലയനവുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്ന് മനസിലാക്കിയാണ് ആര്‍ജെഡിയുമായി അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്. ഈമാസം 28ന് എം.പി. വീരേന്ദ്രകുമാറിന്‍റെ ചരമവാര്‍ഷിക ദിനത്തില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവ് കോഴിക്കോടെത്തുന്നുണ്ട്. ഈ ഘട്ടത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും എല്‍ജെഡി കണക്കുകൂട്ടുന്നു. എന്നാല്‍ ആര്‍ജെഡിയുമായുള്ള ചര്‍ച്ച നടത്താനുള്ള എല്‍ജെഡിയുടെ നീക്കത്തില്‍ ജെഡിഎസ് അതൃപ്തരാണ്. പ്രശ്നങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ പരിഹാരം കാണാന്‍ സാധിക്കില്ലേ എന്നാണ് ജെഡിഎസ് നേതാക്കളുടെ ചോദ്യം. 

 

Minister K Krishnankutty on JDS- ljd merge