കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. പകരം പാര്‍ലമെന്‍ററികാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളിന് നിയമ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല നല്‍കി. കിരണ്‍ റിജിജുവിനെ ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ ചുമതലയിലേക്കാണ് മാറ്റിയത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കൊളീജിയവുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് അപ്രതീക്ഷിത മാറ്റം.

സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിസഭയിലെ പ്രധാനിയായ കിരണ്‍ റിജിജുവിനെ സുപ്രധാനമായ നിയമ മന്ത്രാലയത്തില്‍ നിന്ന് അപ്രധാനമായ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലേക്ക് മാറ്റിയിരിക്കുന്നത്. അതിനാല്‍ കേവലമായ മന്ത്രിസഭ പുനഃസംഘടനക്കപ്പുറമുള്ള കാരണങ്ങൾ ഈ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ ഉണ്ടെന്നാണ് സൂചന. 2022 ജൂലൈയിൽ നിയമ മന്ത്രിയായി ചുമതല ഏറ്റതുമുതൽ  ജഡ്ജിമാരുടെ നിയമനം, കൊളീജിയം സംവിധാനം എന്നിവയെ ചൊല്ലി  സുപ്രീംകോടതിയുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിൽ ആയിരുന്നു കിരൺ റിജിജു. ഇതുമായി ബന്ധപ്പെട്ട മന്ത്രിയുടെ പരസ്യ പ്രതികരണങ്ങൾ പലപ്പോഴും വിവാദമായിരുന്നു. 

സുപ്രീംകോടതി ജഡ്ജിമാരുടെ അവധികളെ കുറിച്ച് നടത്തിയ വിമർശനങ്ങളും സുപ്രീംകോടതിയിൽ നിന്നും വിരമിച്ച ചില ജഡ്ജിമാർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എന്നുള്ള പ്രസ്താവനയും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം വൈകുന്നതില്‍ സുപ്രീംകോടതിയും നിയമ മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ തര്‍ക്കങ്ങൾ തുടരുന്നതിനിടെയാണ് കിരണ്‍ റിജിജുവിന്‍റെ അപ്രതീക്ഷിത മാറ്റം. നിയമമന്ത്രാലയത്തിന്റെ പുതിയ ചുമതലക്കാരനായ അർജുൻറാം മേഘ്​വാൾ രാജസ്ഥാനിൽ നിന്നുള്ള നേതാവാണ്.  ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ നിയമനം എന്നും വിലയിരുത്തൽ ഉണ്ട്.

 

Kiren Rijiju is no longer union law minister