ജല്ലിക്കെട്ട് അനുവദിച്ചുള്ള തമിഴ്നാട് സർക്കാരിന്റെ നിയമത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. ജെല്ലിക്കട്ട് തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായതിനാൽ നിയമത്തിൽ ഇടപെടാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചാംഗ ഭരണഘടന ബെഞ്ച് വിധിച്ചു. വിധിയെ തമിഴ്നാട് സർക്കാരും ജെല്ലിക്കട്ട് പേരവയും സ്വാഗതം ചെയ്തു.

ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ട് 2014 സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ഇത് മറികടക്കാനാണ് 2017ൽ തമിഴ്നാട് സർക്കാർ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിൽ ഭേദഗതി കൊണ്ട് വന്നത്. ഇതിനെതിരെ മൃഗസംരക്ഷണ സംഘടനകൾ നൽകിയ ഹർജികളാണ് ജസ്റ്റിസ് കെഎം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയിരിക്കുന്നത്. ജല്ലിക്കട്ട് തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന വാദം ഭരണഘടന ബെഞ്ച് അംഗീകരിച്ചു. ജല്ലിക്കെട്ട് സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമഭേദഗതിയുടെ ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ  നിയമത്തിൽ ഇടപെടാൻ കഴിയില്ലെന്നും  കോടതിക്ക് മറ്റൊരു നിലപാട് എടുക്കുക സാധ്യമല്ലെന്നും ഭരണഘടനബെഞ്ച് വ്യക്തമാക്കി.  വിധിയോടെ ജല്ലിക്കട്ടിനെ ചൊല്ലി വർഷങ്ങളായി നിലനിൽക്കുന്ന നിയമ രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് അവസാനമായിരിക്കുന്നത്. വിധി ഡിഎംകെ സർക്കാരിന്റെ വിജയമാണെന്ന് തമിഴ്നാട് നിയമമന്ത്രി രഘുപതി പറഞ്ഞു. സത്യത്തിന്റെ വിജയമെന്ന് ജല്ലികെട്ട് പേരവയ് അധ്യക്ഷൻ രാജശേഖരനും പ്രതികരിച്ചു.

Supreme court upholds laws on Jallikkattu