കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ വിദ്യാര്‍ഥി നേതാവ് വിശാഖിനെതിരെ നടപടിയെടുത്ത് സി.പി.എം. ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ് വിശാഖിനെ സസ്പെന്‍ഡ് ചെയ്തത്. പ്ലാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു വിശാഖ്. ജില്ലാ സെക്രട്ടറിയറ്റിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. കോവളം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിയമിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്‍മേലാണ് പാര്‍ട്ടി നടപടി. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മല്‍സരിച്ച് ജയിച്ച അനഘയ്ക്ക് പകരം വിശാഖ് യൂണിയന്‍ ഭാരവാഹിയാകാന്‍ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കമ്മിഷന്‍ ഇന്നലെ അനഘയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു.

മല്‍സരിച്ച് വിജയിച്ച അനഘ , യൂണിയന്‍ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചതിനാലാണ് വിശാഖിന്റെ പേര് സര്‍വകലാശാലയിലേക്ക് അയച്ചതെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം. സംഭവം വിവാദമായതിന് പിന്നാലെ വിശാഖിന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.ജെ ഷൈജു സര്‍വകലാശാല റജിസ്ട്രിക്ക് ഇ–മെയില്‍ അയച്ചു. ഗുരുതരമായ വീഴ്ചയാണ് ആള്‍മാറാട്ടവിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിലയിരുത്തിയ കേരള സര്‍വകലാശാല പ്രിന്‍സിപ്പലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കുമെന്ന് അറിയിക്കുകയായിരുന്നു. ശനിയാഴ്ച വൈസ് ചാൻസലർക്ക് മുൻപാകെ നേരിട്ട് ഹാജരായി പ്രിൻസിപ്പൽ വിശദീകരണം നല്‍കണമെന്നും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അന്ന് ഹാജരാക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്. ഡോ. ഷൈജുവിനെതിരെ സംഘടനാതലത്തിലും നടപടിയുണ്ടായി. 

 

CPM suspends Vaishak from local committee on impersonation row