ezhimalahoochtragedy-17

തമിഴ്നാട്ടില്‍ രണ്ടിടങ്ങളിലായുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മുഖ്യപ്രതി പിടിയിൽ. ചെങ്കൽപേട്ടും, വില്ലുപുരത്തും മെഥനോൾ ചേർത്ത വ്യാജമദ്യം വിതരണം ചെയ്ത ഏഴിമലൈ എന്നയാളെയാണ് അറസ്റ്റിലായത്.  ബിജെപി നേതാവടക്കം മറ്റ് രണ്ട് പേരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 400ലേറെപ്പേരാണ് ചികില്‍സയില്‍ കഴിയുന്നത്. നാലുപേരുടെ നില അതീവഗുരുതരമാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ചെങ്കൽപെട്ട് , വില്ലുപുരം എന്നിവടങ്ങളിൽ വ്യാജമദ്യ ദുരന്തം ഉണ്ടായത്. ലോക്കൽ പൊലീസിന്‍റെ  അലംഭാവത്തെ തുടർന്ന്  കേസ്  സിബിസിഐഡിയ്ക്ക് കൈമാറിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ മെഥനോൾ  ചേർത്ത മദ്യമാണ് അപകടകാരണമെന്നും, രണ്ടിടത്തേക്കും ഒരേ കേന്ദ്രത്തിൽ നിന്നാണ് വ്യാജമദ്യം എത്തിയതെന്നും കണ്ടെത്തി. 

ആദ്യഘട്ടത്തിൽ വില്ലുപുരത്തുനിന്നും അറസ്റ്റിലായ അമരൻ എന്നയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. തുടർന്നാണ് കേസിലെ മുഖ്യപ്രതി എന്ന കരുതുന്ന ഏഴിമലൈ എന്നയാളെ ചെന്നൈയില്‍ നിന്ന് പിടികൂടുന്നത്. പുതുച്ചേരി സ്വദേശിയായ ഇയാളുടെ  കേന്ദ്രത്തിൽ നിന്നാണ് വില്ലുപുരത്തേക്കും ചെങ്കൽപേട്ടേയ്ക്കും വ്യാജമദ്യം എത്തിയത്. വ്യവസായ ആവശ്യത്തിനുള്ള മെഥനോള്‍ ഏഴിമലൈക്ക് മറിച്ച് നൽകിയ ഇളയനമ്പി എന്നയാൾ മൂന്നുപേർക്കൊപ്പം ഇന്ന് രാവിലെ തന്നെ പിടിയിലായിരുന്നു. കൂടാതെ ബിജെപി ചെങ്കല്‍പേട്ട് സൗത്ത് ജില്ല പ്രസിഡന്‍റ് വിജയകുമാര്‍ എന്നായാളും പിടിയിലായി. എന്നാല്‍ കഴി‍‍ഞ്ഞ 14 തീയതി തന്നെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബിജെപി അറിയിച്ചു.  അതിനിടെ മുഖ്യമന്ത്രിയുടെ ധനസഹായം കേസില്‍ പ്രതിയായി ആശുപത്രിയില്‍ കഴിയുന്ന ആള്‍ക്കും ലഭിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇയാള്‍ക്ക് അനുവദിച്ച തുക റദ്ദാക്കി. 

 

Tamilnadu main hooch tragedy; main accused in polic custody