മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ ശുപാര്‍ശ ചെയ്തേയ്ക്കും. ഇത്തരത്തില്‍ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ജസ്റ്റിസ് കോശി മനോരമ ന്യൂസിനോട് പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സമര്‍പ്പിക്കും. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേകം കമ്മിഷന്‍ വേണമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങള്‍ മേഖലതിരിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ പരിശോധിച്ചു. വിദഗ്ധരില്‍ നിന്ന് ഉള്‍പ്പടെ മൊഴികള്‍ രേഖപ്പെടുത്തി.വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന നിരവധി പരാതികളാണ് കമ്മിഷന് ലഭിച്ചത്. പുനര്‍ഗേഹം പദ്ധതിയില്‍ തീരത്ത് നിന്ന് മാറിത്താമസിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുന്നത് അപര്യാപ്തമാണെന്നാണ് മറ്റൊരുപ്രധാന പരാതി. ഇവര്‍ക്ക് സര്‍ക്കാര്‍ തന്നെ സ്ഥലവും വീടും നല്‍കണമെന്നും ശുപാര്‍ശ ചെയ്തേയ്ക്കും. കുട്ടനാട്ടിലെ ജീവിത നിലവാരം ഉയര്‍ത്താനും മലയോരമേഖലകളില്‍ വന്യജീവി ആക്രമണം നേരിടുന്നതിനും സുപ്രധാന നിര്‍ദ്ദേശങ്ങളുണ്ട്. ഈ മേഖലയില്‍ എല്ലാ വിഭാഗക്കാരെയും പരിഗണിച്ചെന്നും ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ 500 നിര്‍ദ്ദേശങ്ങളാണ് ജസ്റ്റിസ് ജെ.ബി കോശി കമ്മിഷന്‍ മുന്നോട്ടുവയ്ക്കുന്നത്. 306 പേജില്‍ രണ്ടുഭാഗങ്ങളായി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും.

 

J. B. Koshy commission to submit report today