tanurboattragedyprobe-17

താനൂര്‍ ബോട്ട് ദുരന്തം അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് ഒരാഴ്ചയാകുമ്പോഴും അന്വേഷണ വിഷയങ്ങള്‍ നിശ്ചയിക്കാതെ സര്‍ക്കാര്‍. ഉത്തരവ് ഇറങ്ങിയാല്‍ മാത്രമേ പ്രവര്‍ത്തനം തുടങ്ങൂവെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി.കെ.മോഹനന്‍ പറഞ്ഞു. എങ്കിലും ആറുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുമെന്നും നിയമം നടപ്പാക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്ന വിധത്തിലുള്ള ശുപാര്‍ശകള്‍ക്കാണ് ശ്രമമെന്നും വി.കെ.മോഹനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

ബോട്ട് ദുരന്തത്തിന്റെ പിറ്റേദിവസം  മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും 10ന് ചേര്‍ന്ന മന്ത്രിസഭ കമ്മീഷന്‍ രൂപീകരിക്കുകയും ചെയ്തു. പക്ഷെ അന്വേഷണ വിഷയങ്ങള്‍ നിശ്ചയിച്ച് ഇനിയും ഉത്തരവ് ഇറങ്ങാത്തതിനാല്‍ കമ്മീഷന്‍ ചെയര്‍മാനായ വി.കെ.മോഹനന്റെ അനൗദ്യോഗിക താനൂര്‍ സന്ദര്‍ശനത്തിനപ്പുറം അന്വേഷണം തുടങ്ങിയിട്ട് പോലുമില്ല. ഓഫീസും ജീവനക്കാരുമായില്ല. തേക്കടിയും തട്ടേക്കാടും കുമരകവും ഉള്‍പ്പടെയുള്ള ബോട്ട് ദുരന്തങ്ങള്‍ക്ക് ശേഷവും താനൂര്‍ എന്തുകൊണ്ട് ആവര്‍ത്തിച്ചൂവെന്നത് കേന്ദ്രീകരിച്ചായിരിക്കും പ്രധാന അന്വേഷണം. മുന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിലെ വീഴ്ചയും പരിശോധിക്കും. ഉദ്യോഗസ്ഥ അലംഭാവത്തിനൊപ്പം യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമായോയെന്നതും പഠിക്കും. വി.കെ.മോഹനന്‍ നിലവില്‍ പൊലീസ് കംപ്ളയിന്റ് അതോറിറ്റി ചെയര്‍മാനാണ്. അതിനാല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാനെന്ന നിലയില്‍ അധിക ശമ്പളം സ്വീകരിക്കില്ലെന്നും അദേഹം അറിയിച്ചു.

 

 

will complete judicial probe in six months; J. VK  Mohanan