ആരോഗ്യപ്രവര്‍ത്തകരുടെയും ആശുപത്രികളുടെയും സംരക്ഷണം ഉറപ്പാക്കുന്ന ഒാര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം. ഡോക്ടര്‍മാരെയോ ജീവനക്കാരെയോ ആക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴുവര്‍ഷം വരെ തടവു ശിക്ഷ ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ഹൗസ് സര്‍ജന്‍മാര്‍ പിജി വിദ്യാര്‍ഥികള്‍, സുരക്ഷാ ജീവനക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെയും നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തി. ഡോ.വന്ദനയുടെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് അടിയന്തരമായി ഒാര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഇനി ഇത്തരത്തിലൊരു ജീവന്‍ പൊലിയരുത് എന്ന ഡോക്ടര്‍മാരുടെയും പൊതുസമൂഹത്തിന്‍റെയും ശക്തമായ ആവശ്യം കണക്കിലെടുത്താണ് ആശുപത്രിസംരക്ഷണ നിയമഭേദഗതി ഒാര്‍ഡിനന്‍സിന് അടിയന്തരപ്രാധാന്യത്തോടെ മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഡോക്ടര്‍മാര്‍ ,നഴ്സുമാര്‍ തുടങ്ങി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം തൊഴില്‍സ്ഥലത്തും ഒൗദ്യോഗിക ഡ്യൂട്ടി ഉള്ള സ്ഥലങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നതാണ് ഒാര്‍ഡിനന്‍സ്. പാരാമെഡിക്കല്‍ജീവനക്കാര്‍, ആശുപത്രി സുരക്ഷാ ജീവനക്കാര്‍, ആബുലന്‍സ് ജീവനക്കാര്‍എന്നിവര്‍ക്ക് നിയമത്തിന്‍റെ സംരക്ഷണം ലഭിക്കും. ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ചാല്‍ കുറഞ്ഞ തടവ് ശിക്ഷ ആറുമാസമാണ്. അന്‍പതിനായിരം മുതല്‍ അഞ്ചുലക്ഷം വരെയാണ് പിഴ ഈടാക്കുക.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുകയും കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തുകയും വെണമെന്നത് ഡോക്ടര്‍മാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു. നിയമ ഭേദഗതിയെ കുറിച്ച് പരാതികള്‍ ഉയര്‍ന്നാല്‍ അത് നിയമസഭയില്‍ ബില്‍ കൊണ്ടുവരുമ്പോള്‍ ഒൗദ്യോഗിക ഭേദഗതിയായി പരിഗണിക്കാനാണ് സര്‍ക്കാര്‍തീരുമാനം. അടിയന്തര പ്രാധാന്യമുള്ള വിഷയമായതിനാല്‍ ഗവര്‍ണര്‍ ഉടന്‍തന്നെ ഒാര്‍ഡിനന്‍സിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ.
Cabinet approval for ordinance on safety of healthcare professionals