ponnambalamedu-case

TAGS

ശബരിമലയിലെ മകരവിളക്ക് തെളിയിക്കുന്ന പൊന്നമ്പലമേട്ടിൽ തമിഴ് നാട്ടുകാരായ സംഘം കടന്നു കയറി പൂജ നടത്തി. പാലക്കാട് സ്വദേശി നാരായണ സ്വാമിക്കെതിരെ വനംവകുപ്പ് കേസെടുത്തു. അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡും ആവശ്യപ്പെട്ടു

 

പാലക്കാട് സ്വദേശി നാരായണ സ്വാമിയും തമിഴ്നാട്ടുകാരായ നാല് പേരുമാണ് പൊന്നമ്പലമേട്ടിൽ കടന്നു കയറിയത്. നാലുദിവസം മുൻപാണ് സംഘം പൊന്നമ്പലമേട്ടിലെത്തി പൂജ നടത്തിയതെന്നാണ് വനം വകുപ്പ് കരുതുന്നത്. തമിഴ്നാട്ടുകാരായ സംഘം പൂജയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പച്ചക്കാനും പൊന്നമ്പലമേട്ടിലേക്കുള്ള വഴികളിൽ വനം വകുപ്പിന്റെ പട്രോളിംഗ് ഉണ്ട് . കാടിനുള്ളിലൂടെ സംഘം പൊന്നമ്പലമേട്ടിലെത്തി എന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ . 

 

വന്യജീവികൾക്ക് ഹാനികരമായ രീതിയിൽ വനത്തിൽ കടന്നു കയറിയതിന് കേസെടുത്ത വനംവകുപ്പ് റാന്നി കോടതിയിൽ റിപ്പോർട്ട് നൽകി. നാരായണസ്വാമിക്കായി അന്വേഷണം തുടങ്ങിയെന്ന് പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരീഷ് പറഞ്ഞു. പൂജ നടത്തിയ നാരായണസ്വാമി കീഴ്ശാന്തിയുടെ സഹായിയായി ശബരിമല സന്നിധാനത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 25 വർഷം മുൻപ് തമിഴ്നാട്ടുകാരായ സംഘം പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതിനെ തുടർന്നാണ് ഇവിടം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതും വനം വകുപ്പിന്റെ പട്രോളിങ് ശക്തമാക്കിയതും. സംഭവം പുറത്തുവന്നതോടെ വനം വകുപ്പ് 24 മണിക്കൂറും കാവലേർപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു. പൊന്നമ്പലമേടിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു