suchithra-pillai-prasant-3

 

 

ബ്യൂട്ടീഷ്യനായിരുന്ന യുവതിയെ കൊല്ലത്തു നിന്ന് പാലക്കാട്ടെത്തിച്ച് കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ‌ു ശിക്ഷ. കൊല്ലം മുഖത്തല സ്വദേശി സുചിത്രപിളളയെ കൊലപ്പെടുത്തിയ കോഴിക്കോട് സ്വദേശി പ്രശാന്ത‍് നമ്പ്യാരെയാണ് കൊല്ലം കോടതി ശിക്ഷ വിധിച്ചത്. പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തായിരുന്ന സുചിത്രയെ ലൈംഗീകമായി ചൂഷണം ചെയ്തും പണം തട്ടിയെടുത്തും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 

 

കൊല്ലം ഒന്നാം അഡീഷനല്‍‌ സെഷന്‍സ് കോടതി ജഡ്ജ് റോയ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കൊലപാതകം, കൊലപാതകത്തിനായി തട്ടിപോകൽ , മൃതദേഹത്തിൽ നിന്ന് ആഭരണം കവരുക, തെളിവു നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ എന്നീ കുറ്റങ്ങളാണ് പ്രശാന്ത് നമ്പ്യാര്‍ക്കെതിരെ ചുമത്തിയിരുന്നത്. കൊലപാതകത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയു‍മാണ് ശിക്ഷ. പിഴഅടയ്ക്കാതിരുന്നാൽ  ഒരുവർഷം അധിക തടവ് അനുഭവിക്കണം. കൊലപാതകത്തിനായി തട്ടിപോയതിന് 7 വർഷം കഠിനതടവും 50,000 രൂപ പിഴയും. മൃതദേഹത്തിൽ നിന്ന് ആഭരണം കവര്‍ന്നതിനും തെളിവു നശിപ്പിച്ചതിനും 3 വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയും.  മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് ഒരു വർഷം കഠിന തടവ് എന്നിങ്ങനെയാണ് ശിക്ഷയുെട പൂര്‍ണരൂപം. 

 

കൊല്ലം പള്ളിമുക്കിലെ സ്ഥാപനത്തില്‍ ബ്യൂട്ടീഷന്‍ ട്രെയിനറായി ജോലി ചെയ്്തിരുന്ന മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്രപിളളയെ 2020 മാര്‍ച്ച് 20 നാണ് കോഴിക്കോട് സ്വദേശിയായ പ്രശാന്ത് നമ്പ്യാര്‍ കൊലപ്പെടുത്തിയത്. പാലക്കാട് നഗരത്തോട് ചേര്‍ന്നുളള മണലിയിലെ പ്രശാന്തിന്റെ വാടക വീട്ടില്‍ വച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊന്ന ശേഷം കാലുകൾ മുറിച്ചുമാറ്റി, വീടിനോട് ചേര്‍ന്നുളള ചതുപ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം പെട്രോൾ ഉപയോഗിച്ചു കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തായിരുന്നു കൊല്ലപ്പെട്ട സുചിത്ര. 2019 ‍ഡിസംബറിലാണ് ഇരുവരും ബന്ധം തുടങ്ങിയത്. സുചിത്രയെ ലൈംഗീകമായും പ്രതി ചൂഷണം ചെയ്തിരുന്നു. രഹസ്യബന്ധം കുടുംബജീവിതത്തെ ബാധിക്കുമെന്ന ഭീതിയാണ് പ്രശാന്തിനെ കൊലപാതകത്തിലേക്ക് എത്തിച്ചത്. ഒന്നിച്ചുതാമസിക്കണമെന്ന സുചിത്രയുടെ ആവശ്യത്തെച്ചൊല്ലിയുളള തര്‍ക്കവും, പ്രശാന്തില്‍ നിന്ന് കുഞ്ഞ് വേണമെന്ന ആവശ്യവും, സാമ്പത്തിക ഇടപാടുകളുമാണ് പ്രധാനകാരണങ്ങള്‍. 

 

രണ്ടര ലക്ഷം രൂപ പ്രശാന്ത് തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഒളിപ്പിച്ച സുചിത്രയുടെ സ്വര്‍ണാഭരണങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. 2020 മാര്‍ച്ച് 17 നാണ് സുചിത്രപിളള കൊല്ലം പളളിമുക്കിലെ ബ്യൂട്ടിഷന്‍ സ്ഥാപനത്തില്‍ നിന്ന് പ്രശാന്തിന്റെ പാലക്കാട്ടെ വാടകവീട്ടിലേക്ക് യാത്ര തിരിച്ചത്. മാര്‍ച്ച് 18 ന് ശേഷം സുചിത്രയെ മൊബൈല്‍ ഫോണിലും കിട്ടാതായതോടെ ബന്ധുക്കള്‍ െകാട്ടിയം പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഒരുമാസത്തിന് ശേഷമാണ് പ്രശാന്തിനെ പിടികൂടുന്നതും മൃതദേഹം കണ്ടെത്തുന്നതും. പാലക്കാട്ട് സംഗീതഅധ്യാപകനായിരുന്ന പ്രശാന്ത് സമൂഹമാധ്യമം വഴിയാണ് ഭാര്യയുടെ സുഹൃത്തായിരുന്ന സുചിത്രപിളളയുമായി അടുപ്പമായത്. കോവി‍ഡ്കാലത്ത് നടന്ന കൊലപാതകത്തില്‍ പ്രതിയുടെ അറസ്റ്റും, തെളിവെടുപ്പുമൊക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വെല്ലുവിളിയായിരുന്നു.

 

Beautician Suchitra Pillai murder case accused Prashant Nambiar sentenced to life imprisonment.