കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. എ.ഐ.സി.സി. നിയോഗിച്ച നിരീക്ഷകര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. സമവായത്തിലെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനേയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചെങ്കിലും സിദ്ധരാമയ്യ മാത്രമാണ് ഇന്നെത്തിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര റദ്ദാക്കിയ ശിവകുമാര്‍ നാളെ ഡല്‍ഹിക്ക് യാത്ര തിരിക്കും. ആരോഗ്യം മെച്ചപ്പെട്ടാല്‍ നാളെ യാത്രതിരിക്കുമെന്നാണ് ശിവകുമാര്‍ ഒടുവില്‍ പ്രതികരിച്ചത്
സമൂഹമാധ്യമങ്ങളില്‍ ഡികെ ശിവകുമാറാണ് താരമെങ്കിലും കര്‍ണാടകയിലെ എംഎല്‍എമാരുടെ മനസ് സിദ്ധരാമയ്യക്കൊപ്പമാണ്. നേരിട്ടും കത്തിലൂടെയും കേന്ദ്രനിരീക്ഷകരോട് സംസാരിച്ച ഭൂരിപക്ഷം എംഎല്‍എമാരും സിദ്ധരാമയ്യ നയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ മടങ്ങിയെത്തി കേന്ദ്ര നിരീക്ഷകര്‍ ഇക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അറിയിക്കും. ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ സ്വാഭാവികമായുണ്ടാകുന്ന താമസമെ ഉള്ളൂവെന്ന് ബംഗളുരുവില്‍ നിന്ന് മടങ്ങിയെത്തിയ കെ.സി വേണുഗോപാല്‍ പറഞ്ഞു. കെ.ജെ ജോര്‍ജടക്കം ആറ് എംഎല്‍എമാര്‍ക്കൊപ്പം ഡല്‍ഹിയിലെത്തിയ സിദ്ധരാമയ്യ പ്രതികരിച്ചില്ല. തനിക്ക് ഉപമുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ എംബി പാട്ടീല്‍ മുഖ്യമന്ത്രി പദത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍റേതെന്ന് വ്യക്തമാക്കി.
അന്തിമ തീരുമാനത്തിന് മുമ്പ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമായും ഖര്‍ഗെ ആശയവിനിമയം നടത്തും. ജനപ്രീതിയും അഴിമതിരഹിത പ്രതിച്ഛായയും സിദ്ധരാമയ്ക്ക് അനുകൂലമാണ്. ഡികെ.ശിവകുമാറിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവും ഹൈക്കമാന്‍ഡ് കണക്കിലെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാകരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.
Karnataka Govt Formation: Siddaramaiah reaches Delhi