മലപ്പുറം താനൂരില്‍ വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്. നാലുപേരുടെ നില ഗുരുതരമായി തുടരുന്നു. കാണാതായവര്‍ക്കായി എന്‍.ഡി.ആര്‍.എഫും അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. തിരച്ചിലിന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്‍റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടില്‍ എത്രപേരുണ്ടായിരുന്നുവെന്നതില്‍ വ്യക്തതയില്ല. ബോട്ടിന്റെ ശേഷിയിലും കൂടുതല്‍ ആളുകളെ കയറ്റിയതും സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍പോയ ബോട്ടുടമ നാസറിനെതിരെ നരഹത്യക്ക് കേസെടുത്തു. ഇന്നലെ വൈകിട്ട് ആറരയോടെ ഒട്ടുമ്പുറത്ത് തൂവല്‍ തീരത്ത് പൂരപ്പുഴയുടെ അഴിമുഖത്തായിരുന്നു അപകടം. ബീച്ച് കാണാനെത്തിയവരുമായി വിനോദയാത്രനടത്തിയ അറ്റ്‌ലാന്‍റിക് എന്ന പേരുള്ള ബോട്ടാണ് മറിഞ്ഞത്. മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെളിച്ചമില്ലാത്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്കരമായി. ഏറെസമയമെടുത്താണ് ലൈറ്റുകളും മറ്റ് സംവിധാനങ്ങളും എത്തിച്ച് രക്ഷാപ്രവര്‍ത്തനം വിപുലമാക്കാനായത്.
Thanoor boat accident; Death toll rises to 22