ആഭ്യന്തര കലാപം അയവില്ലാതെ തുടരുന്നതിനാല്‍ സുഡാനിലെ  ഇന്ത്യൻ എംബസിയുടെ പ്രവർത്തനം മാറ്റി. ഖാർത്തും സിറ്റിയിൽ നിന്ന് പോർട്ട് സുഡാനിലേയ്ക്കാണ് എംബസിയുടെ പ്രവർത്തനം താൽക്കാലികമായി മാറ്റിയത്. ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷൻ കാവേരി അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.

ഖാർത്തൂമിൽ വിമാനത്താവളത്തിന് സമീപത്താണ് ഇന്ത്യയുടെ എംബസി പ്രവർത്തിച്ചിരുന്നത്. മേഖലയിൽ ഏറ്റുമുട്ടൽ രൂക്ഷമായതോടെയാണ് എംബസിയുടെ പ്രവർത്തനം 850 കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിലേയ്ക്ക് മാറ്റിയത്. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദ വഴിയാണ് ഇന്ത്യ പ്രധാനമായും രക്ഷാദൗത്യം നടത്തുന്നത്. 62 ബസുകളിലായി വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യക്കാരെ പോർട്ട് സുഡാനിലെത്തിക്കുന്നു. നാവികസേനയുടെ അഞ്ചു കപ്പലുകളും വ്യോമസേനയുടെ 13 വിമാനങ്ങളും രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്നു. മൂവായിരത്തിയഞ്ഞൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചു. 231 പേർ മുംബൈയിലും 150 പേർ അഹമ്മദാബാദിലുമെത്തി. ഇതേസമയം, നാളെ മുതൽ 7 ദിവസത്തേക്കു കൂടി വെടിനിർത്തലിന് സേനാ തലവൻ അബ്ദൽ ഫത്താ അൽ ബർഹാനും അർധ സൈനിക ആർഎസ്എഫ് നേതാവ് മുഹമ്മദ് ഹംദാൻ ഡഗാലോയും തത്വത്തിൽ ധാരണയായി.

 

Indian Embassy Temporarily Shifts From Khartoum To Port Sudan