Supreme-Court-2

സ്വവര്‍ഗ ദമ്പതികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഭരണപരമായ നടപടികള്‍ ആലോചിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കി. എന്നാല്‍ സമിതി സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം പരിശോധിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

 

സാമൂഹ്യക്ഷേമ പദ്ധതികള്‍ അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചാണ് സമിതി പരിശോധന നടത്തുക. ഹര്‍ജിക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമിതിയെ അറിയിക്കാം. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത തേടിക്കൊണ്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് പരിഗണിക്കുന്നത്. ഒന്നിച്ചുജീവിക്കാനുള്ള സ്വവര്‍ഗ ദമ്പതികളുടെ അവകാശം മൗലികാവകാശമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സമ്മതിച്ചിരുന്നു. അങ്ങനെയെങ്കില്‍ അതിന്റെ തുടര്‍ച്ചയായി അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ലേ എന്ന് കോടതി ചോദിച്ചു. ഇതേത്തുടര്‍ന്നാണ് അക്കാര്യങ്ങളില്‍ ഭരണപരമായ നടപടികള്‍ ആലോചിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

 

Centre agrees to set up panel headed by Cabinet Secretary to explore administrative steps for addressing concerns of same-sex couples