pinarayi-shobha-surendran-c

എ.ഐ ക്യാമറ പദ്ധതിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വെല്ലുവിളിച്ചു. 132 കോടിയുടെ അഴിമതിയെന്ന് രമേശ് ചെന്നിത്തലയും മഞ്ഞക്കുറ്റിയെ എതിര്‍ത്തപോലെ ക്യാമറ പദ്ധതിയേയും എതിര്‍ക്കുമെന്ന് കെ.സുധാകരനും പറഞ്ഞു. എന്നാല്‍ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള പ്രശ്നമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു എല്‍.‍ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ മറുപടി.

 

ക്യാമറാ പദ്ധതിയില്‍ ചുക്കാന്‍ പിടിച്ച പ്രസാഡിയോ ടെക്നോളജീസിന്റെ ഡയറക്ടര്‍ രാംജിത്ത്, മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യപിതാവായ പ്രകാശ് ബാബുവിന്റെ ബെനാമിയെന്ന ആരോപണത്തോടെ വിവാദത്തില്‍ രാഷ്ട്രീയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഈ ആരോപണം അതേപടി ഏറ്റെടുക്കാന്‍ പ്രതിപക്ഷനേതാവ് തയാറായില്ല. എങ്കിലും കരാറുകളെല്ലാം പ്രസാഡിയോ കമ്പനിക്ക് ലഭിക്കുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും മടിയില്‍ കനമുള്ളതുകൊണ്ടാണ് ഭീരുവായ മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും ആരോപിച്ചു. ഇന്നും വാര്‍ത്താസമ്മേളനം നടത്തിയ രമേശ് ചെന്നിത്തല, എസ്.ആര്‍.ഐ.ടിക്ക് കരാര്‍ ലഭിക്കാനായി  ടെണ്ടര്‍ വ്യവസ്ഥകള്‍ കെല്‍ട്രോണ്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് രേഖകള്‍ പുറത്തുവിട്ടു.

 

ആരോപണങ്ങള്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിക്കുമ്പോഴും വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ് സര്‍ക്കാരും പാര്‍ട്ടിയും. പ്രതിപക്ഷത്ത് തര്‍ക്കം എന്ന ആരോപണം ഉന്നയിച്ചാണ് ഇടത് കണ്‍വീനര്‍ അഴിമതി ആരോപണത്തില്‍ തടിതപ്പിയത്.

 

 

BJP leader Shobha Surendran slams Pinarayi Vijayan's family in AI Camera Project