ഇന്ത്യയുടെ വിജയ കഥകള്‍ ആഘോഷിച്ച് പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മന്‍ കി ബാത്തി'ന് നൂറാം പതിപ്പ്. ജനകോടികളുടെ ആശയ പ്രകാശനമായും ജനകീയ മുന്നേറ്റമായും മന്‍കി ബാത്ത് മാറിയെന്ന് നൂറാം പതിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു. മന്‍കിബാത്ത് തനിക്ക് കേവലമൊരു പരിപാടിയല്ലെന്നും ആത്മീയ യാത്രയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തുള്‍പ്പെട നൂറാം പതിപ്പിന്‍റെ പ്രത്യേക പ്രദര്‍ശനം ലോകമെമ്പാടും നടന്നു. അതേസമയം, മന്‍കി ബാത്ത്, സുപ്രധാന വിഷയങ്ങളില്‍ മൗന്‍ കി ബാത്തായി മാറിയെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
2014 ഒക്ടോബര്‍ 3ന് വിജയ ദശമി ദിനത്തില്‍ ആരംഭിച്ച പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' നൂറ് പതിപ്പ് പൂര്‍ത്തിയാക്കി. നൂറ് പതിപ്പുകളിലായി നൂറ് കോടി ജനങ്ങള്‍ ശ്രോതാക്കളായെന്നാണ് സര്‍ക്കാരിന്‍റെ അവകാശവാദം. പ്രധാനമന്ത്രിയായപ്പോള്‍ ജനങ്ങളുമായുള്ള ബന്ധം വിഛേദിക്കപ്പെടാതിരിക്കാനുള്ള മാര്‍ഗമായാണ് മന്‍കി ബാത്ത് ആരംഭിച്ചത്. പിന്നീടത് ജനങ്ങളുടെ മുന്നേറ്റമായും അവരുടെ വിജയങ്ങളുടെ ആഘഷമായും മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. .
യുനെസ്കോ ഡയറക്ടര്‍ ജനറല്‍ നൂറാം പതിപ്പില്‍ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തി. നൂറാം പതിപ്പിനെ വന്‍ ആഘോഷമായാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും കൊണ്ടാടിയത്. ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് പ്രത്യേക പ്രദര്‍ശനം നടന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടേയുള്ള മന്ത്രിമാര്‍ വിവിധ രാജ്യങ്ങളില്‍ നടന്ന പ്രത്യേക പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. വിവിധ രാജ്ഭവനുകളിലും ബിജെപിയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും പ്രത്യേക പ്രദര്‍ശനങ്ങള്‍ നടന്നു. അതേസമയം, അദാനി, ചൈന, ഗുസ്തി താരങ്ങളുടെ പ്രതിഷേധം, ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍, വിലക്കയറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മന്‍കി ബാത്ത്, മൗന്‍ കി ബാത്തായെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് വിമര്‍ശിച്ചു.
Through Mann Ki Baat, Mass Movements Came Into Being": PM In Episode 100