a-raja-devikulam

TAGS

ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പില്‍ എ രാജയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. രാജയ്ക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ സഭയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ല. ഹര്‍ജിയില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ശമ്പളമോ, മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹതയുണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് എ.രാജ പ്രതികരിച്ചു

 

പട്ടികജാതി സംവരണമണ്ഡലത്തില്‍ മല്‍സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയത്. ക്രിസ്തുമതാചാരപ്രകാരമാണ് താന്‍ ജീവിക്കുന്നതെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് എ രാജയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. എ രാജ ഹിന്ദു ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു. എന്നാല്‍ ഇത് എങ്ങിനെ മനസിലാക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ അനിരുദ്ധ ബോസും സുധാന്‍ഷു ദുലിയയും അടങ്ങിയ ബെഞ്ച് ആരാഞ്ഞു. 

 

രാജയുടെ വിവാഹം നടന്നത് ക്രിസ്ത്യന്‍ മതാചാര പ്രകാരമാണെന്ന് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഡി കുമാറിന്‍റെ അഭിഭാഷകര്‍ വാദിച്ചു. ഹൈക്കോടതി വിധിക്ക് എതിരായ രാജയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഡി കുമാറിന് നോട്ടിസ് അയിച്ചു. കേസില്‍ 12ന് അന്തിമ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. 

 

വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് രാജയ്ക്ക് എതിരെയുള്ളതെന്നും സ്റ്റേ അനുവദിക്കരുതെന്നും ഡി കുമാറിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ലെങ്കില്‍ ഉപതിര‍ഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമെന്നും രാജയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് കേസ് ഇനി പരിഗണിക്കുന്നതുവരെ ഹൈക്കോടതി ഉത്തവരിന് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ അനുവദിച്ചത്.  

 

SC reprieve for Raja; court stays disqualification judgment