ചിത്രം; വിക്കിപീഡിയ

ചിത്രം; വിക്കിപീഡിയ

രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലുണ്ടായ സംഘര്‍ഷങ്ങള്‍ എന്‍.ഐ.എ അന്വേഷിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഹൗറയിലെയും ദല്‍ഖോലയിലെയും വിവിധയിടങ്ങളിലാണ് രാമനവമിയോട് അനുബന്ധിച്ച് വലിയതോതില്‍ സംഘര്‍ഷങ്ങളുണ്ടായത്. കേസ് സംബന്ധിച്ച രേഖകള്‍ എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് സംസ്ഥാന പൊലീസിന് കോടതി നിര്‍ദേശം നല്‍കി. ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 

 

അക്രമങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 30 ന് നടന്ന രാമനവമി ഘോഷയാത്രയ്ക്ക് നേരെയാണ് ഹൗറയിലും ദല്‍ഖോലയിലും വ്യാപകമായ കല്ലേറുണ്ടായത്. കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ കയറി ആളുകള്‍ കല്ലെറിഞ്ഞതോടെ ഘോഷയാത്രയില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു. 

 

Calcutta High Court transfers probe in the violence in ravm navami procession to NIA