ഖാലിസ്ഥാന്‍ നേതാവ് അമൃത് പാല്‍ സിങ് പഞ്ചാബിലെ മോഗയില്‍ അറസ്റ്റില്‍. അറസ്റ്റിന് മുമ്പ് അമൃത്പാല്‍ ഗുരുദ്വാരയില്‍ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. സുരക്ഷ കണക്കിലെടുത്ത് അമൃത് പാലിനെ അസമിലേക്ക് മാറ്റി. സമാധാനം പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. പഞ്ചാബില്‍ സുരക്ഷ ഇരട്ടിയാക്കി.
ഒരു മാസത്തിലേറെയായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്ന വലിയൊരു ഓപ്പറേഷനാണ് വിരാമമാകുന്നത്. രാവിലെ മോഗയിലെ റൊഡെ ഗ്രാമത്തില്‍ നിന്നാണ് ഖാലിസ്ഥാന്‍ നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത് പാല്‍ സിങിനെ എന്‍എസ്എ പ്രകാരം പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത് ഗ്രാമം വളഞ്ഞതോടെ കീഴടങാന്‍ അമൃത്പാല്‍ നിര്‍ബന്ധിതനായെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ജന്മനാടായ മോഗയിലെ ഗുരുദ്വാരയിലേക്ക് രാത്രിയാണ് അമൃത് പാല്‍ എത്തിയതെന്നും രാവിലെ പൊലീസിനെ വിളിച്ച് കീഴടങ്ങുകയായിരുന്നു എന്നുമാണ് ഗുരുദ്വാര അധികൃതരുടെ പ്രതികരണം. ആഭ്യന്തരമന്ത്രിക്കെതിരായ വധ ഭീഷണി, പൊലീസ് സ്റ്റേഷന്‍ ആക്രമിക്കല്‍, ക്രമസമാധാനം തകര്‍ക്കല്‍ തുടങ്ങി നിരവധി കേസുകളാണ് അമൃത്പാലിനെതിരെയുള്ളത്. സുരക്ഷ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമൃത്പാലിനെ അസം ദിബ്രുഗഢിലേക്ക് കൊണ്ടുപോയി. സമാധാനം തകര്‍ക്കുന്ന നടപടികളില്‍ ആരില്‍ നിന്നും ഉണ്ടാകരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചു. പഞ്ചാബ് പൊലീസും രഹസ്യാന്വേഷണ വിഭാഗവും വിരിച്ച വലയില്‍ നിന്ന് മാര്‍ച്ച് 18ന് തലനാരിഴക്കാണ് അമൃത് പാല്‍ രക്ഷപ്പെട്ടത്. ഇതിന് ശേഷം അമൃത്പാലുമായി അടുപ്പമുള്ള നിരവധി പേര്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് ലണ്ടനിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ തടയുകയും പഞ്ചാബ് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
Khalistani separatist Amritpal Singh surrenders in Punjab