വന്ദേഭാരത് ഫ്ളാഗ്  ഓഫിനൊപ്പം 1500 കോടിയുടെ റയില്‍വേ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കുന്നതോടെ  വികസന വേഗം പ്രതീക്ഷിച്ച്  സംസ്ഥാനം. നേമം , കൊച്ചുവേളി ടെര്‍മിനലുകള്‍ വികസിക്കുന്നതോടെ പുതിയ ട്രെയിനുകള്‍ ലഭിക്കാനുളള സാധ്യതകള്‍ കൂടിയാണ് തെളിയുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റേയും വര്‍ക്കല സ്റ്റേഷന്റേയും രൂപം മാറും. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

വന്ദേഭാരത് പുറപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ റയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം  സെന്‍ട്രല്‍ സ്റ്റേഷന്റെ മുഖച്ഛായ മാറുകയാണ്. മൂന്നുവര്‍ഷം കൊണ്ട് വിമാനത്താവള മാതൃകയില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ വികസനത്തിന്  495 കോടിയും തീര്‍ഥാടന കേന്ദ്രമായ ശിവഗിരിയുടെ പ്രാധാന്യം കണക്കിലെടുത്ത് വര്‍ക്കല സ്റ്റേഷന്‍ വികസനത്തിന് 170 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. നേമം ടെര്‍മിനലിനും അനക്കം വയ്ക്കുന്നു. ട്രെയിനുകള്‍ നിര്‍ത്തിയിടാനുളള നാല് സ്റ്റേബിളിങ് ലൈനുകള്‍, അറ്റകുറ്റപ്പണികള്‍ക്കായുളള രണ്ട് പിറ്റ് ലൈനുകള്‍ എന്നിവയുടെ നിര്‍മാണം ആദ്യഘട്ടത്തില്‍ നടക്കും. കൊച്ചുവേളി വികസിക്കുന്നതോടെ ഒരു പിറ്റ്ലൈനും ഒരു സ്റ്റേബ്ളിങ്് ലൈനും കൂടി ലഭിക്കും. നിര്‍ത്തിയിടാനും  അറ്റകുറ്റപ്പണികള്‍ക്കും സൗകര്യം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ ട്രെയിനുകള്‍ ലഭിക്കാനും വഴി തെളിയുന്നു.