അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീംകോടതിയിൽ കേരളത്തിന് തിരിച്ചടി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള സർക്കാർ നൽകിയ ഹർജി കോടതി തള്ളി. കേസില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി വിധിയെന്നതിനാല്‍ അതനുസരിച്ച് മുന്നോട്ട് പോകണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവ് യുക്തിസഹമാണ്. സംസ്ഥാനത്തിനായി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. ഇതേവിഷയത്തില്‍ പറമ്പിക്കുളം നിവാസികളുടെ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.
അതിനിടെ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുവിടാനുള്ള നീക്കത്തിനെതിരെ പാലക്കാട് നെല്ലിയാമ്പതി പഞ്ചായത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. സിപിഎമ്മും സിപിഐയും ആദ്യം ഹര്‍ത്താലിന് പിന്തുണ അറിയിച്ചിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയകാരണങ്ങളാല്‍ മാറി. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരില്ലെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ സമരപരിപാടികളില്‍ നിന്ന് മാറില്ലെന്നാണ് യുഡിഎഫ് നിലപാട്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പന്‍ വന്നാല്‍ സമീപ വനമേഖലയായ നെല്ലിയാമ്പതിയിലെ കുടുംബങ്ങളും വിനോദസഞ്ചാരവും തീര്‍ത്തും പ്രതിസന്ധിയിലാകുമെന്നാണ് ആക്ഷേപം.
SC refuses to intervene in 'Mission Arikomban', rejects Kerala's plea