തൃശൂരിലെ നഴ്സുമാരുടെ സമരത്തില്‍നിന്ന് ആറ് സ്വകാര്യ ആശുപത്രികളെ ഒഴിവാക്കി. അമല, ജൂബിലി മിഷന്‍, ദയ, വെസ്റ്റ് ഫോര്‍ട്ട്,സണ്‍, മലങ്കര മിഷന്‍ ആശുപത്രികളാണ് വേതനം വര്‍ധിപ്പിച്ചത്. ഈ ആശുപത്രികളില്‍ 50% ഇടക്കാലാശ്വാസം നല്‍കാന്‍ ധാരണയായി. വേതനം 20 % വര്‍ധിപ്പിച്ചു. 24 ആശുപത്രികളില്‍ സമരം തുടരും. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നാളെ മുതല്‍ മൂന്നു ദിവസം നഴ്സുമാര്‍ പണിമുടക്കും. തീവ്രപരിചണ വിഭാഗത്തില്‍ പോലും നഴ്സുമാര്‍ ജോലിയ്ക്കു കയറില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രികള്‍ ബന്ധുക്കളെ അറിയിച്ചു. ദിവസം വേതനം 1500 രൂപയായി വര്‍ധിപ്പിക്കണമെന്ന് നഴ്സുമാരുെട സംഘടന ആവശ്യപ്പെടുന്നത്. നിലവില്‍ 800 രൂപയാണ് ദിവസ വേതനം. വര്‍ധിപ്പിക്കുന്ന വേതനത്തിന്റെ അന്‍പതു ശതമാനം ഇടക്കാല ആശ്വാസം നല്‍കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. 

 

നാളെ മുതല്‍ ആരും ജോലിയ്ക്കു കയറില്ല. അടിയന്തര ചികില്‍സയ്ക്കു രോഗികളെ മറ്റു ആശുപത്രികളില്‍ എത്തിക്കാന്‍ ആശുപത്രി കവാടത്തില്‍ യു.എന്‍.എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി നിലയുറപ്പിക്കും. അതേസമയം, സ്വകാര്യ ആശുപത്രികളില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് തുടങ്ങി. വെന്റിലേറ്റര്‍, ഐ.സി.യു രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് അയല്‍ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിര്‍ദ്ദേശം. പ്രതിദിന വേതനം നിശ്ചയിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ പറഞ്ഞു. സര്‍ക്കാരാണ് വേതന വര്‍ധനയില്‍ തീരുമാനമെടുക്കേണ്ടത്. പലതവണ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

 

Nurses to go on strike in Thrissur tomorrow