മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിനോട് വികാരനിര്‍ഭരമായി പ്രതികരിച്ച് എ.കെ.ആന്റണി. അനില്‍ എടുത്ത തീരുമാനം തെറ്റാണ്. എന്റെ ജീവിതത്തിലെ അവസാനഘട്ടമാണ് കടന്നുപോകുന്നത്. ദീര്‍ഘായുസില്‍ താല്‍പര്യമില്ല. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കോ പ്രതികരണത്തിനോ ഇല്ല. മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിത്തന്നെ മരിക്കുമെന്നും ആന്റണി തിരുവനന്തപുരത്ത് പ്രതികരിച്ചു.
അനില്‍ ആന്റണി കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍ നിന്ന് ബിജെപി അംഗത്വം സ്വീകരിക്കുന്നു.
വാര്‍ത്താസമ്മേളനം പൂര്‍ണമായി
അനില്‍ ആന്റണി, എ.കെ.ആന്റണി, അജിത് ആന്റണി, എലിസബത്ത് ആന്റണി
‘അനിലിന്റെ തീരുമാനം എനിക്ക് വളരെ വേദനയുണ്ടാക്കി. തികച്ചും തെറ്റായ തീരുമാനമായിപ്പോയി. ഇന്ത്യയുെ ഐക്യത്തിന്റെ ആണിക്കല്ല്, ബഹുസ്വരതയും മതേതരത്വവുമാണ്. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം ആസൂത്രിതമായി നമ്മുടെ അടിസ്ഥാനനയങ്ങളെ, രാജ്യം പ്രാണവായുപോലെ കാത്തുസൂക്ഷിച്ച നയങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് അല്‍പം സാവകാശത്തിലാണ് കാര്യങ്ങള്‍ നീങ്ങിയത്. 2019ലെ തിരഞ്ഞെടുപ്പുവിജയത്തിനുശേഷം രാജ്യം ബഹുസ്വരതയ്ക്കും മതേതരത്വത്തിനും പകരം ഏകത്വത്തിലേക്ക് നാനാത്വത്തില്‍ ഏകത്വത്തിന് പകരം ഏകത്വത്തിലേക്ക് നീങ്ങണം എന്ന ഉറച്ച നിലപാടോടുകൂടി എല്ലാ രംഗത്തും ഏകത്വം അടിച്ചേല്‍പ്പിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ഇതിന്റെ ഫലമെന്താണ്? സമുദായസൗഹാര്‍ദം കൂടുതല്‍ കൂടുതല്‍ ശിഥിലമാകുന്നു. ഇത് ആപല്‍ക്കരമായ നിലപാടാണ്.
എന്നെ സംബന്ധിച്ചിടത്തോളം അവസാനശ്വാസം വരെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഈ തെറ്റായ, വിനാശകരമായ നയങ്ങള്‍ക്കെതിരെ ഞാന്‍ ശബ്ദമുയര്‍ത്തും. അക്കാര്യത്തില്‍ യാതൊരു സംശയവും എനിക്കില്ല.
സ്വാതന്ത്ര്യസമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ വര്‍ഗമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്റു കുടുംബം. ഇന്നും ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി, വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു കാലഘട്ടത്തില്‍ എന്നോടൊപ്പം വളര്‍ന്ന തലമുറയെ ഏറ്റവും പ്രോല്‍സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തില്‍ ഇന്ദിരാ ഗാന്ധിയുമായി അകന്നുപോയി. വീണ്ടും അവരുമായി യോജിച്ച്, അവരുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തിരിച്ചുവന്നശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുന്‍പത്തേക്കാള്‍ ആദരവും ബഹുമാനവും സ്നേഹവും ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല, ഇന്ത്യന്‍ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിന്റെ മുന്‍പന്തിയിലുള്ളത് ആ കുടുംബമാണ്. അതുകൊണ്ടുതന്നെ എന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.
എന്നെ സംബന്ധിച്ചിടത്തോളം എന്റെ രാഷ്ട്രീയജീവിതത്തിന്റെ മാത്രമല്ല, ജീവിതത്തിന്റെ തന്നെ അവസാന നാളുകളിലേക്കാണ് ഞാന്‍ കടന്നുപോകുന്നത്. എനിക്ക് 82 വയസ് ആയി. എത്രനാള്‍ ജീവിക്കുമെന്നറിയില്ല. ദീര്‍ഘായുസില്‍ എനിക്ക് താല്‍പര്യവുമില്ല. പക്ഷേ എത്രനാള്‍ ജീവിച്ചാലും ഞാന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനായിട്ടായിരിക്കും.
ഇനി അനിലുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കും ചോദ്യോത്തരങ്ങള്‍ക്കും ഒരിക്കല്‍പ്പോലും ഞാന്‍ തയാറാകില്ല. ഇതുസംബന്ധിച്ച ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണ്. നമസ്കാരം, നന്ദി.’
'I'm hurt by his decision to join BJP,' says AK Antony on his son's political betrayal...