sooryagayathri-arun-1603

തിരുവനന്തപുരം നെടുമങ്ങാട്ടില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷ. പിഴയായി ആറ് ലക്ഷം രൂപയും തിരുവനന്തപുരം അഡീഷണല്‍ െസഷന്‍സ് കോടതി വിധിച്ചു. വിധിയില്‍ തൃപ്തയല്ലെന്നും വധശിക്ഷയാണ് ആഗ്രഹിച്ചതെന്നും സൂര്യഗായത്രിയുടെ അമ്മ വത്സല പറഞ്ഞു.

 

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിലാണ് പേയാടുകാരനായ അരുണ്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഇരുപതുകാരിയായ സൂര്യഗായത്രിയെ കുത്തിക്കൊന്നത്. കൊലപാതകത്തിന് പുറമെ വധശ്രമം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരം ജീവപര്യന്തവും ഇരുപത് വര്‍ഷം തടവും ആറ് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷയെല്ലാം ഒന്നിച്ച് ജീവപര്യന്തം അനുഭവിച്ചാല്‍ മതി.

ആറ് ലക്ഷം രൂപ പിഴ പ്രതി അടയ്ക്കുകയാണങ്കില്‍ അത് സൂര്യഗായത്രിയുടെ മാതാപിതാക്കള്‍ക്ക് നല്‍കും. എന്നാല്‍ മകളുടെ കൊലപാതകം കണ്‍മുന്നില്‍ കാണേണ്ടിവന്ന മാതാപിതാക്കള്‍ ശിക്ഷയില്‍ തൃപ്തരല്ല. 2021 ഓഗസ്റ്റ് 30നായിരുന്നു 33 തവണ കുത്തി സൂര്യഗായത്രി കൊലപ്പെടുത്തിയത്. തടയാനെത്തിയ മാതാപിതാക്കളെയും ആക്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. 

 

Suryagayatri murder case: Accused Arun gets life imprisonment