തൈര് പാക്കറ്റുകളില്‍ ഹിന്ദി വാക്കായ ദഹി എന്നത് ഉപയോഗിക്കണമെന്ന നിര്‍ദേശത്തില്‍ നിന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി പിന്‍വാങ്ങി. ഇംഗ്ലീഷില്‍ കേര്‍ഡ് (Curd) എന്ന് എഴുതുന്നതിനൊപ്പം പ്രാദേശിക ഭാഷയിലെ വാക്കും ഉപയോഗിക്കാമെന്ന് പുതിയ നിര്‍ദേശത്തില്‍ പറയുന്നു. വിവാദങ്ങളും പ്രതിഷേധങ്ങളും കണക്കിെലടുത്താണ് പിന്‍മാറ്റം. തൈരില്‍ ഹിന്ദി കലക്കാനുള്ള നീക്കം പാളി. തൈര് പാക്കറ്റില്‍ ദഹി എന്ന് എഴുതി ബ്രാക്കറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനായിരുന്നു ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചിരുന്നത്. തൈരിന് മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍റെ ആവശ്യത്തിന് മറുപടിയായാണ് ദഹി എന്ന് ഉപയോഗിക്കാനും പ്രാദേശിക വാക്ക് ബ്രാക്കറ്റില്‍ ഉപയോഗിക്കാനും നിര്‍ദേശിച്ചത്. തമിഴ്നാട് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷനും നിര്‍ദേശം ലഭിച്ചിരുന്നു. 

 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയും ഇതിനെതിരെ രംഗത്തുവന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിെന എതിര്‍ക്കുമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. നിര്‍ദേശത്തിനെതിരെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ.അണ്ണാമലൈ ഭക്ഷ്യസുരക്ഷാ അതോറിറ്റിക്ക് കത്തയച്ചു. കര്‍ണാടകനിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദി വിവാദം തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിയിലുണ്ടായിരുന്നു. ഇംഗ്ലീഷില്‍ കേര്‍ഡ് (Curd) എന്ന് എഴുതുന്നതിനൊപ്പം ബ്രാക്കറ്റില്‍ പ്രാദേശിക ഭാഷയിലെ വാക്കും ഉപയോഗിക്കാമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. 

 

Following uproar, FSSAI withdraws order to use the word “dahi” on curd packet