ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് നിര്‍ബന്ധമാക്കിയ ടൈഫോയ്ഡ് വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ വിതരണത്തിനെത്തി. ഇരുന്നൂറു രൂപയില്‍ താഴെ വിലയുളള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീന്‍ മാത്രം സ്വകാര്യമേഖലയില്‍ വില്‍പന നടത്തിയ മരുന്നുകടക്കാരുടെ കൊളള മനോരമ ന്യൂസാണ് തുറന്നുകാട്ടിയത്. ഇരുപതിനായിരം ഡോസ് വാക്സീനാണ് എത്തിച്ചിരിക്കുന്നത്. മരുന്നു കടക്കാരുടെ കൊളള മനോരമ ന്യൂസില്‍ വാര്‍ത്തയായതിനു പിന്നാലെയാണ് വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കാനുളള നീക്കം ആരോഗ്യവകുപ്പ് തുടങ്ങിയത്. കാരുണ്യ ഫാര്‍മസികള്‍ വഴി വില്‍ക്കുന്ന വാക്സീന്റെ വില വെറും 95 രൂപ മാത്രം. 20,800 ഡോസ് വാക്സീനാണ് ലഭ്യമാക്കിയത്. 

 

13,900 ഡോസ് തിരുവനന്തപുരം, എറണാകുളം റീജിയണുകളില്‍ വില്പനയ്ക്കെത്തിച്ചു. 6900 ഡോസ് കോഴിക്കോട് മേഖലയിലും ലഭ്യമാക്കി. ഇത് തീരുന്ന മുറയ്ക്ക് കൂടുതല്‍ മരുന്നെത്തിക്കുമെന്ന് കെ.എം.സി.എല്‍ അറിയിച്ചു. 2000 രൂപയ്ക്ക് മരുന്നു കടക്കാര്‍ ലഭ്യമാക്കിയിരുന്ന വാക്സീന്‍ 100 രൂപയ്ക്ക് താഴെയും ലഭിക്കുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. കൂടുതല്‍ വിലയുളള മരുന്നിന് കൂടുതല്‍  കമ്മീഷന്‍ ലഭിക്കുമെന്നതായിരുന്നു  മരുന്നുകടക്കാരുടെ ലാഭം. ഇതിലെ ചതി തിരിച്ചറിയാതെയാണ് ഹോട്ടല്‍ ഉടമകളും ജീവനക്കാരും 2000 രൂപയുടെ വാക്സീന്‍ വാങ്ങി ഉപയോഗിച്ചത്. 5 ജീവനക്കാരുളള  ഹോട്ടലിന്  ചെലവ് പതിനായിരം കടന്നതോടെ വാക്സീന്‍ എടുക്കില്ലെന്ന നിലപാടിലേയ്ക്കും ഹോട്ടലുടമകള്‍ എത്തിയിരുന്നു. വാക്സീന്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമായതോടെ ഏപ്രില്‍ ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. 

 

Typhoid vaccine has been distributed in the government sector