rahul-gandhi-3

 

രാഹുല്‍ ഗാന്ധിയുടെ സവര്‍ക്കര്‍ വിമര്‍ശനങ്ങളെ തുടര്‍ന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിനുള്ള അമര്‍ഷം പരിഹരിക്കാന്‍ കോണ്‍ഗ്രസ്. ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവുത്ത് സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. അതിനിടെ, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും യോഗം വിളിച്ച് ഒന്നിച്ചുള്ള പ്രതിഷേധത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. 

 

എന്‍റെ പേര് സവര്‍ക്കര്‍ എന്നല്ല, ഗാന്ധി എന്നാണ്. ഗാന്ധി ഒരിക്കലും മാപ്പ് പറയില്ല. അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച എഐസിസി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകളാണിത്. തുടര്‍ച്ചയായുള്ള സവര്‍ക്കര്‍ വിമര്‍ശനങ്ങളില്‍ കടുത്ത അതൃപ്തിയും പ്രതിഷേധവുമുള്ള ഉദ്ധവ് താക്കറെ,,, സവര്‍ക്കര്‍ ദൈവ തുല്യനെന്നും അവഹേളിക്കരുതെന്നും രാഹുല്‍ ഗാന്ധിക്ക് മറുപടി പറഞ്ഞിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയിലെ അത്താഴവിരുന്നില്‍നിന്ന് വിട്ടുനിന്ന് പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. സവര്‍ക്കര്‍ വിമര്‍ശനം മഹാരാഷ്ട്രയിലെ മഹാവികാസ് അഘാടി സഖ്യത്തില്‍തന്നെ വിള്ളലുണ്ടാക്കുമെന്ന് ഉറപ്പായതോടെയാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇടപെട്ടത്. പിന്നാലെ ശിവസേന ഉദ്ധവ് താക്കറെ പക്ഷ നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവുത്ത് ഇന്ന് സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. രാജ്യം അപകടത്തിലായിരിക്കെ മറ്റ് അഭിപ്രായവ്യത്യാസങ്ങളില്‍ തട്ടി നില്‍ക്കാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

 

രാഹുല്‍ ഗാന്ധിയുടെ ആയോഗ്യത വിഷയത്തില്‍ കോണ്‍ഗ്രസ് ഏപ്രില്‍ മൂന്നാംവാരം ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നുണ്ട്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ചേര്‍ത്ത് ഒന്നിച്ചുള്ള പ്രതിഷേധം സംഘടിപ്പിക്കാനും ശ്രമം തുടങ്ങി. ഡല്‍ഹിയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിനെ ഐക്യപ്രതിപക്ഷമാകാണം നേരിടേണ്ടതെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറ‍ഞ്ഞു. ഇഡിയും സിബിഐയും എല്ലാ അഴിമതിക്കാരെയും ഒരു പാര്‍ട്ടിയില്‍ കൊണ്ടുവന്നുവെന്ന് ബിജെപിയെ ഉന്നമിട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രധാനമന്ത്രി പദവി ഇല്ലാതാകുമ്പോള്‍ ഇന്ത്യ അഴിമതി മുക്തമാകുമെന്നും കേജ്‌രിവാള്‍ പരിഹസിച്ചു. 

 

rahuls mcomment on savarkar shiv sena congress meeting